ശ്രീശാന്തിന് നേര്‍ക്ക് വധശ്രമം ?

S-Sreesanthകൊച്ചി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് നേര്‍ക്ക് വധശ്രമം ഉണ്ടായെന്ന് വെളിപ്പെടുത്തല്‍. ശ്രീശാന്തിന്റെ സഹോദരീ ഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഐപിഎല്‍ കോഴയില്‍ അറസ്റ്റിലായ ശ്രീശാന്തിനെ തീഹാര്‍ ജയിലില്‍ ആയിരുന്നു പാര്‍പ്പിച്ചിരുന്നത്.

ഐപിഎല്‍ കോഴ വിവാദത്തില്‍ തീഹാര്‍ ജയിലില്‍ അടക്കപ്പെട്ടപ്പോഴാണ് ശ്രീശാന്തിന് നേര്‍ക്ക് വധശ്രമം ഉണ്ടായതെന്നാണ് മധു ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ജയില്‍ ഉണ്ടായിരുന്ന ഒരു ഗുണ്ടയായിരുന്നു ഇതിന് പിന്നിലെന്നും മധു ബാലകൃഷ്ണന്‍ പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു മധു ബാലകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.

വാതിലിന്റെ സാക്ഷ മൂര്‍ച്ചകൂട്ടിയാണ് ആയുധമൊരുക്കിയത്. ഇതുകൊണ്ടായിരുന്നു ഭീഷണിയെന്നും മധു ബാലകൃഷ്ണന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് ശ്രീശാന്ത് ജയില്‍ അധികൃതര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ശ്രീശാന്തിനെ വേറെ സെല്ലിലേക്ക് മാറ്റിയെന്നും മധു ബാലകൃഷ്ണ്‍ പറയുന്നു.

എന്നാല്‍ ഇത്തരമൊരു സംഭവം നടന്നതായി ശ്രീശാന്ത് ആരോടും പറഞ്ഞിട്ടില്ല. വധശ്രമത്തിന് പിന്നില്‍ ഐപിഎല്‍ ബന്ധം വല്ലതും ഉണ്ടോ എന്നറിയില്ലെന്നാണ് മധുബാലകൃഷ്ണന്‍ പ്രതികരിച്ചത്. ഐപിഎല്‍ കോഴ വിവാദത്തില്‍ ശ്രീശാന്തിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ഐപിഎല്‍ കോഴ വിവാദത്തില്‍ കോടതി അടുത്ത മാസം വിധി പറയാനിരിക്കേയാണ് മധു ബാലകൃഷ്ണന്‍ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.