സിപിഐഎമ്മിന്റെ പരാതിയില്‍ കൈകുഞ്ഞമായി യുവതിയെ അറസ്റ്റ്‌ ചെയ്‌തത്‌ വിവാദമാകുന്നു

കണ്ണൂര്‍: തലശ്ശേരിയില്‍ രണ്ട്‌ ദളിത്‌ യുവതികളെ സിപിഐഎം ഓഫീസില്‍ കയറി പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചെന്നാരോപിച്ച്‌ ജയിലിലടച്ച നടപടി വിവാദമാകുന്നു. തലശ്ശേരി കുട്ടിമാക്കൂലില്‍ സിപിഎം ഓഫീസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്ന കേസിലാണ്‌ കൂട്ടിമാക്കുല്‍ കുനിയില്‍ ഹൗസില്‍ അഖില(30), അഞ്‌ജന(25) എന്നിവരെ വെള്ളിയാഴ്‌ച അറസ്റ്റ്‌ ചെയ്‌തത്‌. ജാതിപ്പേര്‌ വിളിച്ച്‌ നിരന്തരം തങ്ങളെ അധിക്ഷേപിച്ചത്‌ കൊണ്ടാണ്‌ പാര്‍ട്ടി ഓഫീസില്‍ കയറി ചോദ്യം ചെയ്‌തതെന്നാണ്‌ യുവതികള്‍ പറയുന്നത്‌.

അഖില ഒന്നര വയസ്സുള്ള കൈകുഞ്ഞിനൊപ്പമാണ്‌ ജയിലിലായത്‌. പെണ്‍കുട്ടികളെ കൈകുഞ്ഞിനൊപ്പം ജയിലിലടച്ചതിനെതിരെ വലിയ പ്രക്ഷോഭത്തിനാണ്‌ കോണ്‍ഗ്രസ്‌ തയ്യാറെടുക്കുന്നത്‌. ഇക്കാര്യത്തെ കുറിച്ച്‌ അന്വേഷിക്കുമെന്നും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും പട്ടിക ജാതി കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍എല്‍ പുനിയ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഉത്തരമേഖല എഡിജിപിക്ക്‌ പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹറ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.