മൂന്നിയൂരില്‍ സിപിഐഎം വിമതരുടെ പ്രകടനം ഇന്ന്‌

kp balakrishnanതിരൂരങ്ങാടി: സിപിഐഎം തിരൂരങ്ങാടി ഏരിയാ കമ്മറ്റിയംഗവും, സിഐടിയു ജില്ലാ സെക്രട്ടറിയുമായി കെ പി ബാലകൃഷ്‌ണനെ പാര്‍ട്ടിയില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ ഒരു വിഭാഗം സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനൊരുങ്ങുന്നു. തിങ്കളാഴ്‌ച വൈകീട്ട്‌ ചേളാരിയില്‍ പ്രതിഷേധ പ്രകടനവും, യോഗവും സംഘടിപ്പിക്കുന്നു. ഇതിന്റെ പ്രചണാര്‍ത്ഥം മൂന്നിയൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ പി ബാലകൃഷ്‌ണന്റെ ഫോട്ടോയുള്ള നിരവധി ബോര്‍ഡുകള്‍ ഉയര്‍ന്ന്‌ കഴിഞ്ഞു. ചെഗ്‌വേര കള്‍ച്ചറല്‍ ഫോറത്തിന്റെ പേരിലാണ്‌ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്‌.
 
 
 റോഡിന്‌ ഭൂമി വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ ബന്ധുക്കളെ സഹായിക്കുന്ന നിലപാടെടുത്തു എന്ന ആരോപണത്തെ തുടര്‍ന്നാണ്‌ സിപിഐഎം ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തത്‌. പാലോളി മുഹമ്മദ്‌ കുട്ടി സിപിഐഎം ജില്ലാ സെക്രട്ടറി പി വാസുദേവന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തിലാണ്‌ കെ പി ബാലകൃഷ്‌ണനെതിരെ നടപടിയെടുത്തത്‌. നടപടിയെ തുടര്‍ന്ന്‌ ബാലകൃഷ്‌ണനെ അനുകൂലിക്കുന്നവര്‍ മൂന്നിയൂര്‍ പഞ്ചായത്തിന്റെ പലഭാഗത്തും യോഗങ്ങള്‍ വിളിച്ച്‌ ചേര്‍ത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ്‌ ഇന്നത്തെ പ്രകടനം.
 
 ചേറക്കോട്ടുള്ള വഴിപ്രശ്‌നവുമായി ബന്ധപ്പെട്ട്‌ കുടുംബങ്ങള്‍ക്കിടയില്‍ തന്നെ സംസാരിച്ച്‌ പരിഹരിക്കാന്‍ കഴിയുന്ന വിഷയം പാര്‍ട്ടിയിലെ ഉന്നതരായ ചിലര്‍ ഇടപെട്ട്‌ വഷളാക്കിയതാണ്‌ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക്‌ കാരണമെന്നും, തന്റെ സത്യസന്ധത മനസ്സിലാക്കിയ ഈ മേഖലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്ന പരിപാടിയാണ്‌ ചേളാരിയില്‍ ഇന്ന്‌ നടക്കുന്നതെന്നും, താന്‍ മുന്‍കൈ എടുത്ത്‌ നടത്തുന്നതല്ലെന്നും കെ പി ബാലകൃഷ്‌ണന്‍ മലബാറി ന്യൂസിനോട്‌ പറഞ്ഞു.
 
 ചേളാരിയില്‍ ഇന്ന്‌ നടക്കുന്ന പ്രകടനത്തിന്‌ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന്‌ സിപിഐഎം തിരൂരങ്ങാടി ഏരിയാ സെക്രട്ടറി വി പി സോമസുന്ദരരന്‍ പറഞ്ഞു. വഴിപ്രശ്‌നവും, ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ്‌ കെ പി ബാലകൃഷ്‌ണനെതിരെ നടപടിയെടുത്തതെന്നും സോമസുന്ദരന്‍ മലബാറിന്യൂസിനോട്‌ പറഞ്ഞു. സിപിഐഎം നടപടിയെടുത്തെങ്കിലും കെ പി ബാലകൃഷ്‌ണന്‍ നിലവില്‍ സിഐടിയൂവിന്റെ നേതൃസ്ഥാനത്ത്‌ തന്നെ തുടരുന്നുണ്ട്‌.