ജനലക്ഷങ്ങളെ അണിനിരത്തി സിപിഐഎമ്മിന്റെ പ്രതിഷേധ ചങ്ങല

Story dated:Wednesday August 12th, 2015,10 15:am

cpimതിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനലക്ഷങ്ങളെ അണിനിരത്തി സിപിഐഎം പ്രതിഷേധ ചങ്ങല തീര്‍ത്തു. ജനകീയ പ്രതിരോധം തീര്‍ക്കാന്‍ കാല്‍കോടിയിലേറെ ജനങ്ങളാണ്‌ കൈകോര്‍ത്തത്‌. വടക്ക്‌ മഞ്ചേശ്വരം തൊട്ട്‌ തെക്ക്‌ രാജ്‌ഭവന്‍വരെ പ്രതിഷേധ ചങ്ങല തീര്‍ത്തു. ഭരണാധികാരികളുടെ അഴിമതി, വിലക്കയറ്റം, ജനവിരുദ്ധനയങ്ങള്‍ ഇവയ്‌ക്കെതിരെ ദേശവ്യാപാതമായി ആഹ്വാനം ചെയ്‌ത പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്‌.

ധര്‍ണ ആയിരം കിലോമീറ്റര്‍ നീളത്തില്‍ ദേശീയപാതയിലും സംസ്ഥാന പാതകളിലുമാണ്‌ സംഘടിപ്പിച്ചത്‌. അതുകൊണ്ടു തന്നെ എവിടെയും ഗതാഗത തടസം നേരിട്ടിരുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയം തിരുത്തിക്കാന്‍ ജീവന്‍ നല്‍കിയും പോരാടുമെന്ന്‌ ജനങ്ങള്‍ പ്രതിജ്ഞയെടുത്തു.

മഞ്ചേശ്വരത്ത്‌ സിപിഐഎം പോളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയായപ്പോള്‍ രാജ്‌ഭവന്‌ മുന്നില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവസാനകണ്ണിയായി. പ്രതിരോധം യെച്ചൂരി ഉദ്‌ഘാടനം ചെയ്‌തു. പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു. മലപ്പുറത്ത്‌ കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍, പാലോളി മുഹമ്മദ്‌കുട്ടി, ടി കെ ഹംസ, കെ ടി ജലീല്‍,ശ്രീരാമകൃഷ്‌ണന്‍, കെ സൈനബ, നടി നിലമ്പൂര്‍ ആയിഷ എന്നിവരു അണിചേര്‍ന്നു.