ജില്ലാ കമ്മറ്റിയുടെ എതിര്‍പ്പ് വിലപ്പോയില്ല; ഷംസീറും, വിജയരാഘവനും മത്സരിക്കും

കോഴിക്കോട് : കോഴിക്കോട് ജില്ലാകമ്മറ്റിയുടെ എതിര്‍പ്പുകള്‍ മുഖവിലക്ക് എടുക്കാന്‍ സിപിഐഎം സംസ്ഥാന നേതൃത്വം തയ്യാറായില്ല. വടകര മണ്ഡലത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് ഷംസീറിനെയും, കോഴിക്കോട്ട് വിജയരാഘവനെയും മത്സരിപ്പിക്കാന്‍ തീരുമാനിച്ചു.

വടകര മണ്ഡലത്തില്‍ കനത്ത പോരാട്ടമാണ് നടക്കുകയെന്നതും ഈ മണ്ഡലം തിരിച്ചു പിടിക്കുകയെന്നത് തങ്ങളുടെ പ്രസ്റ്റീജ് പ്രശന്മായി കോഴിക്കോട് ജില്ലാ കമ്മറ്റി വിലയിരുത്തിയിരുന്നു. ഇതിനായി പാര്‍ട്ടി ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്ണനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവും ഉയര്‍ന്ന് വന്നിരുന്നു. കോഴിക്കോട് മണ്ഡലത്തിലും കൂടുതല്‍ വ്യക്തിബന്ധമുള്ള മുന്‍ ഡെപ്യൂട്ടി മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളൊക്കെ പാടെ അവഗണിച്ചാണ് സംസ്ഥാന നേതൃത്വം വെള്ളിയാഴ്ച സിപിഐഎമ്മിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്.

കാസര്‍കോട്ടും, പാലക്കാട്ടും, ആലത്തൂരും, ആറ്റിങ്ങലും സിറ്റിങ്ങ് എംപിമാരായ പി കരുണാകരന്‍, എംബി രാജേഷ്, പി ബിജു, സമ്പത്ത് എന്നിവര്‍ യഥാക്രമം മത്സരിക്കുമ്പോള്‍ സീനിയര്‍ നേതാക്കളായ പികെ ശ്രീമതി കണ്ണൂരും, എംഎ ബേബി കൊല്ലത്തും, പികെ സൈനബ മലപ്പുറത്തും തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നു. ആലപ്പുഴയില്‍ ജില്ലാ സെക്രട്ടറി ടിവി തോമസ് മത്സരിക്കും. പതിവില്‍ നിന്ന് വിപരീതമായി അഞ്ച് സ്വതന്ത്രരെയാണ് സിപിഐഎം രംഗത്തിറക്കുന്നത്. ഇതില്‍ പലര്‍ക്കും സിപിഐഎമ്മിനേക്കാളേറെ മറ്റ് ബന്ധങ്ങളുണ്ടെന്നതാണ് ഏറെ കൗതുകകരം. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതാവും ലീഗല്‍ അഡൈ്വസറുമായ ജോയ്‌സ് ജോര്‍ജ്ജ് ഇടുക്കിയില്‍ ജനവിധി തേടുന്നു. കോണ്‍ഗ്രസ്സ് വിട്ട് സിപിഐഎമ്മിലേക്ക് മുന്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗം വി അബ്ദുറഹ്മാന്‍ പൊന്നാനിയിലും, മുന്‍ എഐസിസി അംഗം പീലിപോസ് തോമസ് പത്തനംതിട്ടയിലും മത്സരിക്കും. ഇത്തവണ പട്ടികയില്‍ ഒരു സിനിമാ മുഖവുമുണ്ട്. പ്രമുഖ നടനും, അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റാണ് ചാലക്കുടിയില്‍ ഇടതു സ്വതന്ത്രനാകുന്നത്. മുന്‍ രാഷ്ട്രപതി പ്രതിഭാപാട്ടീലിന്റെ ഉപദേഷ്ടാവും, ഐഎഎസുകാരനുമായ ക്രിസ്റ്റി ഫെര്‍ണ്ണാണ്ടസ് ആണ് എറണാകുളത്ത് മത്സരത്തിനെത്തുന്നത്.

സിപിഐഎമ്മിന്റെ ഇത്തരം പരീക്ഷണങ്ങള്‍ എത്രത്തോളം വിജയം കാണുമെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് വരെ കാത്തിരിക്കാം.