സിപിഐഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിണറായി; ഇപി ജയരാജന്‍

Untitled-1 copyകൊച്ചി: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍ രംഗത്തെത്തി. പിണറായി വിജയനോട് വി എസിന് അസൂയ ആണെന്നാണ് ഇ.പി ജയരാജന്‍ പറയുന്നത്. പിണറായിയോടു വിഎസിനു വൈര്യനിര്യാതന ബുദ്ധിയാണ്. ഒരു വാര്‍ത്താചാനലിനോട് സംസാരിക്കവേയാണ് ഇ.പി ജയരാജന്‍ ഇത് പറഞ്ഞത്.

വി.എസിനു പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങളുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായിയാണ് ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും ഇ.പി. ജയരാജന്‍ പറയുന്നു. വി.എസ് ബാഹ്യശക്തികളുടെ പിടിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ വി എസ് – പിണറായി തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് ഇ പി ജയരാജന്‍ വി എസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഇരുനേതാക്കളും തമ്മിലുള്ള എതിര്‍പ്പ് പരസ്യമായിരുന്നു. വി എസ് അച്ചടക്കം ലംഘിച്ചു എന്ന് പിണറായി പരസ്യമായി പറഞ്ഞപ്പോള്‍ വി എസ് അത് കാര്യമാക്കാന്‍ പോലും തയ്യാറായില്ല. സമ്മേളനത്തിനിടെ വി എസ് ഇറങ്ങിപ്പോയതും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചു. തുടര്‍ന്ന് സി പി എമ്മിന്റെ പല നേതാക്കളും വി എസിനെതിരെ രംഗത്തെത്തിയിരുന്നു. അതില്‍ ഏറ്റവും ഒടുവിലത്തെ ആളാണ് കണ്ണൂരിലെ മുതിര്‍ന്ന നേതാവായ ഇ പി ജയരാജന്‍.