കോട്ടക്കലില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്താന്‍ ശ്രമം

കോട്ടക്കല്‍: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ പറപ്പൂര്‍ സിപിഐഎം പറപ്പൂര്‍ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ കോട്ടക്കല്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയുമായ പൊട്ടിപ്പാറ ലക്ഷം വീട് കോളനിയിലെ മൂരിക്കുന്നവന്‍ ജബ്ബാറി(35)നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

അയല്‍വാസിയായ തട്ടയില്‍ സുബ്രഹ്മണ്യന്റെ വീട്ടില്‍ ബുധനാഴ്ച രാത്രി സംസാരിച്ചുകൊണ്ടിരിക്കെയാണ് ജബ്ബാറിനെ പന്ത്രണ്ടുപേരോളം വരുന്ന സംഘം ബലമായി പിടിച്ചിറക്കിക്കൊണ്ടുപോയത്. തുടര്‍ന്ന് വടിവാള്‍,കമ്പിപ്പാര,കത്തി എന്നിവയുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ജബ്ബാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജബ്ബാറിന്റെ ഇടതുകൈക്കും മുഖത്തും വെട്ടേറ്റിട്ടുണ്ട്. ശരീരമാകെ കമ്പിപ്പാരകൊണ്ട് വെട്ടേറ്റിട്ടുമുണ്ട്.

ആക്രമണത്തിന് പിറകില്‍ ലീഗ് ക്രിമിനല്‍ സംഘമാണെന്ന് സിപിഐഎം ആരോപിച്ചു.