പശുവിറച്ചി കൈവശം വെച്ചുവെന്നാരോപിച്ച്  സത്രീകള്‍ക്ക് മധ്യപ്രദേശില്‍ ക്രൂരമര്‍ദ്ദനം

women-beaten_577327ഭോപ്പാല്‍: പശുവിറച്ചി കൈവശം വെച്ചുവെന്നാരോപിച്ച് മുസ്‌ലീം സ്ത്രീകള്‍ക്ക് ക്രൂരമര്‍ദ്ദനം. മധ്യപ്രദേശ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. രണ്ട് സ്ത്രീകളെയാണ്, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വലിയ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. ഗോ രക്ഷാസമിതിയിലുള്ളവരാണ് സ്ത്രീകളെ മര്‍ദ്ദിച്ചത്.
ചൊവ്വാഴ്ചയാണ് സംഭവം. പിന്നീട് നടത്തിയ പരിശോധനയില്‍ സ്ത്രീകള്‍ കൈവശം വെച്ചത് കാളയിറച്ചിയാണെന്ന് തെളിഞ്ഞു.

‘ഗോ മാതാ കീ ജയ്’ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് സംഘം സ്ത്രീകളെ മര്‍ദ്ദിച്ചത്. നിരവധി പേര്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ഓടിയെത്തിയെങ്കിലും സ്ത്രീകളെ രക്ഷിക്കാന്‍ ആരും ശ്രമിച്ചില്ല. പൊലീസ് സംഭവ സ്ഥലത്ത് എത്തുമ്പോഴേക്കും ഇവര്‍ അവശരായിരുന്നു. മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യുന്നതിന് പകരം വലിയ അളവിലുള്ള ഇറച്ചി കൈവശം വെച്ചുവെന്നാരോപിച്ച് സ്ത്രീകളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 30 കിലോയോളം തൂക്കം വരുന്ന കാളയിറച്ചി വില്‍പനയ്ക്കുവേണ്ടിയാണ് സ്ത്രീകള്‍ കൊണ്ടുവന്നത്.