കോര്‍പ്പറേഷന്‍ വിഭജനം ഹൈക്കോടതി റദ്ദാക്കി

Kerala-High-Court-Newskeralaകൊച്ചി: തിരുവനന്തപുരം, കോഴിക്കോട്‌ കോര്‍പ്പറേഷനുകള്‍ വിഭജിച്ച്‌ പുതിയ മുനിസിപ്പാലിറ്റികള്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. കഴക്കൂട്ടം, ബേപ്പൂര്‍, എലത്തൂര്‍, ചെറുവണ്ണൂര്‍,നല്ലളം മുനിസിപ്പാലിറ്റികളുടെ രൂപീകരണമാണ്‌ ഭരണഘടനാവിരുദ്ധമെന്നു കണ്ടെത്തി ജസ്റ്റിസ്‌ എ വി രാമകൃഷ്‌ണപിള്ള റദ്ദുചെയ്‌തത്‌. കോര്‍പ്പറേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ ചേര്‍ത്ത്‌ പുതിയ മുനിസിപ്പാലിറ്റികള്‍ രൂപീകരിക്കുന്നത്‌ നിയമവിരുദ്ധമാണെന്ന്‌ കോടതി വ്യക്തമാക്കി.

1994 ലെ മുനിസിപ്പാലിറ്റി നിയമമനുസരിച്ച്‌ മുനിസിപ്പാലിറ്റികള്‍ കോര്‍പ്പറേഷനുകളാക്കി മാറ്റാന്‍ സര്‍ക്കാരിന്‌ അധികാരമുണ്ടെങ്കിലും തിരിച്ച്‌ കോര്‍പ്പറേഷന്‍ പരിധിയിലുള്ള സ്ഥലങ്ങളെ മുനിസിപ്പാലിറ്റി ആക്കാനാകില്ല. ഏതെങ്കിലുമൊരു പ്രദേശത്തിന്റെ കോര്‍പ്പറേഷന്‍ പദവി മുനിസിപ്പല്‍ പദവി എന്ന നിലയിലും തരംതാഴ്‌ത്താനാകില്ല. കോഴിക്കോട്‌ മേയര്‍ എ കെ പ്രേമജം, ടി പി ദാസന്‍, എം രാധാകൃഷ്‌ണന്‍, ടി മൊയ്‌തീന്‍ കോയ തിരുവനന്തപുരം കോര്‍പറേഷന്‍ എല്‍ഡിഎഫ്‌ പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി വി എസ്‌ പത്മകുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ അനുവദിച്ചാണ്‌ ഈ വിധി.