ഖത്തറില്‍ വീണ്ടും മെര്‍സ്‌ ബാധ; പ്രതിരോധ സംവിധാനങ്ങളുമായി ആരോഗ്യ മന്ത്രാലയം

Untitled-1 copyദോഹ: ഖത്തറില്‍ വീണ്ടും മെര്‍സ്‌ വൈറസ്‌ ബാധ റിപ്പോര്‍ട്ട്‌ ചെയ്‌തു. സ്വദേശി പൗരനിലാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇയാളെ ഹമദ്‌ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

കഴിഞ്ഞവര്‍ഷം ഗള്‍ഫ്‌ രാജ്യങ്ങളെ ഭീതിയിലാഴ്‌ത്തിയ മെര്‍സ്‌ ഈവര്‍ഷം ആദ്യമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. ഒട്ടകങ്ങളുടെയും ആടുകളുടെയും ഫാം സ്വന്തമായുള്ള 66 കാരനിലാണ്‌ രോഗം ബാധിച്ചിരിക്കുന്നത്‌. സൗദി അറേബിയിയലെ സന്ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിയെത്തിയപ്പോഴാണ്‌ ഇയാളില്‍ രോഗം കണ്ടെത്തിയത്‌. പനി, ചുമ, വയറിളക്കം,ശരീരവേദന എന്നിവയെ തുടര്‍ന്നാണ്‌ ഇയാളെ ആശുപത്രില്‍ പ്രവേശിപ്പിച്ചത്‌. തുടര്‍ന്ന്‌ നടന്ന പരിശോധനയിലാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇയാളെ പിരശോധിച്ച ഡോക്ടര്‍മാരെയും മറ്റ്‌ ജീവനക്കാരെയും വിശദമായ പരിശോധനയ്‌ക്കായി വിധേയമാക്കാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്‌.

ഖത്തറില്‍ കഴിഞ്ഞ മെയ്‌മാസത്തില്‍ മെര്‍സ്‌ ബാധയെ തുടര്‍ന്ന്‌ 73 കാരന്‍ മരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം നാലുപേരിലാണ്‌ രോഗം സ്ഥിരീകിരിച്ചത്‌. ഇതെതുടര്‍ന്ന്‌ മെര്‍സ്‌ രോഗത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച്‌ ആരോഗ്യമന്ത്രാലയം ജനങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നു.

ഒട്ടകത്തെ പരിപാലിക്കുന്നവര്‍ നിര്‍ബന്ധമായും കൊറോണ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍,വൃക്കരോഗം എന്നിവയുള്ളവര്‍ ഒരു കാരണവശാലും മൃഗങ്ങളുമായി അടുത്തിടപഴകരുതെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്‌. കൂടാതെ ലോകാരോഗ്യ സംഘടന പുറത്തുവിട്ട രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍തന്നെ ആരോഗ്യവിദഗ്‌ധരെ സമീപിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്‌. മൃഗങ്ങളുമായി അടുത്തിടപഴകുന്നവര്‍ ജാഗ്രതപാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നുണ്ട്‌.