കോണ്‍ഗ്രസിലും സംഘികളുടെ സാന്നിധ്യമെന്ന്‌ വിടി ബല്‍റാം എംഎല്‍എ

v t balramദോഹ:  എല്ലാ പാര്‍ട്ടികളിലുമുള്ളതുപോലെ കോണ്‍ഗ്രസിലും സംഘികളുണ്ടെന്ന് വി ടി ബല്‍റാം എം എല്‍ എ. നവമാധ്യമങ്ങളുടെ ഭാഷയിലാണ് സംഘികള്‍ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. സംഘപരിവാര്‍ എന്നതുപോലെതന്നെ എല്ലാ മതതീവ്രവാദികളേയും ഉള്‍ക്കൊള്ളുന്ന പദമാണ് അതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഇന്‍കാസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മതേതര ഇന്ത്യ- ഫാസിസത്തിന്റെ കടന്നുകയറ്റം എന്ന സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ അടിസ്ഥാന സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ രാഷ്ട്രീയ കാഴ്ചപ്പാടായിരുന്നു കോണ്‍ഗ്രസ് കാണിച്ചിരുന്നത്. എന്നാല്‍ മറ്റൊരു ഇന്ത്യയുടെ കാഴ്ചപ്പാടാണ് ആര്‍ എസ് എസ് സൃഷ്ടിക്കുന്നതെന്നും വി ടി ബല്‍റാം കുറ്റപ്പെടുത്തി. ജനാധിപത്യ മതേതര മുഖമുള്ള ഇന്ത്യയെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ അതിനെ നിഷേധിക്കാനാണ് സംഘപരിവാരവും ആര്‍ എസ് എസും ശ്രമിക്കുന്നത്.
കോണ്‍ഗ്രസാണ് ഇന്ത്യയിലെ പ്രായോഗിക ഇടതുപക്ഷം. എന്നാല്‍ കോണ്‍ഗ്രസിനെ വലതുപക്ഷം എന്നാണ് വിമര്‍ശകര്‍ വിളിക്കാറുള്ളത്. ഇത് ശരിയല്ല.
അംബാനിമാര്‍ക്കും അദാനിമാര്‍ക്കും ഇന്ത്യയെ നല്കാനാണ് ബി ജെ പിയും ആര്‍ എസ് എസും സംഘപരിവാരവും ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഒരാളുടെ ഭൂതകാലം ശരിയായിത്തീരുമെന്ന് ആരും കരുതേണ്ടതില്ലെന്ന് പരോക്ഷമായി നരേന്ദ്ര മോദിയെ സൂചിപ്പിച്ചുകൊണ്ട് വി ടി ബല്‍റാം എം എല്‍ എ പറഞ്ഞു. ഭൂരിപക്ഷത്തിന്റെ ശരികള്‍ ന്യൂനപക്ഷത്തിന് മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ന്യൂനപക്ഷ വര്‍ഗ്ഗീയതയെ മതേതര ഭരണകൂടത്തിന് അടിച്ചമര്‍ത്താന്‍ സാധിക്കും. എന്നാല്‍ ഭരണവര്‍ഗ്ഗം തന്നെ വര്‍ഗ്ഗീയമായാല്‍ എന്താണോ ഉണ്ടാവുക അതാണ് ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂരിപക്ഷ തീവ്രവാദി ഇന്ത്യ ഭരിക്കുകയും ന്യൂനപക്ഷ തീവ്രവാദി വര്‍ഷങ്ങളായി ജയിലില്‍ കിടക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ത്യയില്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിംകളിലെ ആര്‍ എസ് എസാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് വി ടി ബല്‍റാം വിമര്‍ശിച്ചു. നവമാധ്യമങ്ങളിലെ സംഘികള്‍ എന്നുദ്ദേശിച്ചത് ആര്‍ എസ് എസിനെ മാത്രം ഉദ്ദേശിച്ചല്ലെന്നും ജമാഅത്തെ ഇസ്‌ലാമിയും അതില്‍ ഉള്‍പ്പെടുമെന്നും വി ടി ബല്‍റാം പറഞ്ഞു.
സ്വാതന്ത്ര്യം ലഭിക്കുന്നതിന് 22 വര്‍ഷം മുമ്പ് രൂപീകൃതമായ ആര്‍ എസ് എസിന് സ്വന്തമായി പറയാന്‍ ഒരു സ്വാതന്ത്ര്യ സമര സേനാനി പോലുമില്ല. എന്തായിത്തീരണം ഇന്ത്യ എന്ന് ആഗ്രഹിച്ചതിന് വിപരീതമായ കാര്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റുവിന്റെ മാതൃകയാണ് കോണ്‍ഗ്രസിന് അനുയോജ്യമെന്ന് പറഞ്ഞ വി ടി ബല്‍റാം അത് ഉയര്‍ത്തിപ്പിടിക്കണമെന്നും ആവശ്യപ്പെട്ടു. ആറരപ്പതിറ്റാണ്ട് കാലം കോണ്‍ഗ്രസ് പടുത്തുയര്‍ത്തിയ ഇന്ത്യയുടെ യശസ്സിലാണ് നരേന്ദ്രമോദി ഇപ്പോള്‍ ലോകം ചുറ്റിസഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇത്രയും കാലം കോണ്‍ഗ്രസ് എന്തുചെയ്തു എന്ന ബി ജെ പിയുടെ ചോദ്യത്തിനുള്ള ഉത്തരം നരേന്ദ്രമോദിക്ക് ലോകരാജ്യങ്ങളില്‍ ലഭിക്കുന്ന സ്വീകരണം കോണ്‍ഗ്രസിന്റെ ഭരണനേട്ടങ്ങള്‍ക്ക് ലോകം നല്കിയ വിലയാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ മതേതര കാഴ്ചപ്പാടുകള്‍ ഗ്രാമങ്ങളില്‍ എത്തിക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനുണ്ട്. മതനേതാക്കളെ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് തള്ളിപ്പറയാത്തത് എന്ന ചോദ്യത്തിന് അക്കാര്യത്തിലെല്ലാം നെഹ്‌റുവാണ് മാതൃകയെന്നും വി ടി ബല്‍റാം പറഞ്ഞു. അക്കാര്യങ്ങളില്‍ കൂടുതല്‍ പറയാന്‍ ഭയപ്പെടുന്നുണ്ടെന്നും തന്റെ മണ്ഡലമായ തൃത്താലയില്‍ ഇടുക്കി ആവര്‍ത്തിക്കുമോയെന്ന് പേടിക്കുന്നതായും അദ്ദേഹം തമാശ രൂപത്തില്‍ പറഞ്ഞു. കെ വി ബോബന്‍ അധ്യക്ഷത വഹിച്ചു. കെ കെ ഉസ്മാന്‍, മുഹമ്മദാലി പൊന്നാനി, ജോപ്പച്ചന്‍ തെക്കേക്കുറ്റ്, ജോണ്‍ ഗില്‍ബര്‍ട്ട്, ഡേവിഡ് എടശ്ശേരി, കെ ഗിരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലക്കാട് ജില്ലാ ഇന്‍കാസ് ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും നാദാപുരം യൂത്ത് ഫ്രന്റ് ലോഗോ പ്രകാശനവും എം എല്‍ എ നിര്‍വഹിച്ചു.