നിലമ്പൂര്‍ കോണ്‍ഗ്രസ്സ് ഓഫീസിലെ കൊലക്ക് സരിത ബന്ധമോ ?

രാധ
രാധ

നിലമ്പൂര്‍ : കോണ്‍ഗ്രസ്സ് ബ്ലോക്കോഫീസില്‍ കൊല്ലപ്പെട്ട രാധയെ നേരത്തെ രണ്ട് തവണ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തിന് സോളാര്‍ കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് സരിത നടത്തിയ നിലമ്പൂര്‍ യാത്രയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടക്ക് രണ്ട് തവണ രാധയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു എന്ന് ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഇതു വരെ പോലീസ് അനേ്വഷണം തുടങ്ങിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

രാധയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കോണ്‍ഗ്രസ്സ് പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഉന്നതങ്ങളില്‍ നിന്ന് ഇവരെ ചോദ്യം ചെയ്യാതിരിക്കാന്‍ കടുത്ത സമ്മര്‍ദ്ധമുള്ളതായി ആരോപണമുണ്ട്.

കഴിഞ്ഞ വര്‍ഷം മെയ് 31 ന് മലപ്പുറം ജില്ലയിലെ ഒരു സീനിയര്‍ മന്ത്രിയുടെ ഫോണിലേക്ക് സരിത വിളിച്ചതായി വര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതേ സമയത്ത് സരിത നിലമ്പൂരില്‍ വന്നിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിലമ്പൂരില്‍ വന്നപ്പോള്‍ ആരെല്ലാമായിരുന്നു സരിതയെ കണ്ടതെന്നും എവിടെ വെച്ചാണ് ചര്‍ച്ച നടത്തിയതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനേ്വഷിച്ചാല്‍ കൊലപാതകത്തിന്റെ കാരണങ്ങള്‍ പുറത്തു വരുമെന്നും രാധയുടെ നാട്ടുകാരും ബന്ധുക്കളും പറഞ്ഞു.

ആറ് മാസം മുമ്പ് കോണ്‍ഗ്രസ്സ് ഓഫീസില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ അമിത വേഗത്തിലെത്തിയ കാര്‍ രാധയെ ഇടിക്കാന്‍ ശ്രമിച്ചെങ്കിലും തൊട്ടടുത്ത ഓവു ചാലിലേക്ക് വീണതു മൂലം അവര്‍ രക്ഷപ്പെട്ടു. സംഭവം കഴിഞ്ഞ് കാര്‍ നിര്‍ത്താതെ ഓടിച്ച് പോകുകയായിരുന്നു. അന്ന് മരുന്നിനും മറ്റും പണം നല്‍കിയ ബിജുവാണ് കേസ് ഒതുക്കി തീര്‍ത്തത്. രാധയെ ഇടിച്ച കാര്‍ തന്റെ സുഹൃത്തിന്റേതാണെന്നും പ്രശ്‌നമാക്കരുതെന്നും ബിജു ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രണ്ട് മാസം മുമ്പ് വീണ്ടും രാധയെ നിലമ്പൂരില്‍ വെച്ച് കാറിടിച്ച് തെറുപ്പിച്ചു. അന്ന് കാലിനും തലക്കും രാധക്ക് പരിക്കേറ്റിരുന്നു. അന്നും കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. അപ്പോഴും ബിജു കേസ് ഒതുക്കി തീര്‍ക്കാന്‍ ഇടപ്പെട്ടെങ്കിലും രാധ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ കാറിന്റെ നമ്പര്‍ അറിയാത്തതിനാല്‍ കാര്യമായ അനേ്വഷണം നടന്നിരുന്നില്ല. ഈ രണ്ട് അപകടങ്ങളും രാധക്ക് അറിയാവുന്ന ഏതോ ഒരു രഹസ്യം പുറം ലോകം അറിയാതിരിക്കാനാണെന്നാണ് ബന്ധുക്കളുടെ നാട്ടുകാരുടെയും സംശയം.