തിരൂരങ്ങാടിയില്‍ കോണ്‍ഗ്രസ് യോഗത്തില്‍ സംഘര്‍ഷം കയ്യാങ്കളി

തിരൂരങ്ങാടി:  കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ നയിക്കുന്ന ജാഥ വിജയിപ്പിക്കാന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും കയ്യാങ്കളിയും. തിരൂരങ്ങാടി നിയോജകമണ്ഡലം പ്രവര്‍ത്തകസമിതിയോഗത്തിലാണ് സംഘര്‍ഷമുണ്ടായത്.

ചൊവ്വാഴ്ച വൈകീട്ട് എടരിക്കോട് ബാങ്ക് ഓഡിറ്റോറിയിത്തിലാണ് കണ്‍വെന്‍ഷന്‍ നടന്നത്.
കണ്‍വെന്‍നില്‍ സ്വാഗതം പറയാന്‍ ബ്ലോക്ക് പ്രസിഡന്റിനെ അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് ബഹളം ആരംഭഇക്കുന്നത്. ഇത് ശാന്തമാക്കാന്‍ ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് വിശദീകരണം നല്‍കിയെങ്ങിലും ഇതില്‍ ഇവര്‍ തൃപ്തരായില്ല. ഇതിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം മൂര്‍ച്ഛിക്കുകയും ഉന്തും തള്ളുമുണ്ടാകയും ചെയ്തു. ഇതിനിടെ ചിലര്‍ കസേര എടുത്തെറിയുകയും തമ്മില്‍ തല്ലുകയും ചെയ്തു.

സംഘര്‍ഷം മുര്‍ദ്ധന്യത്തിലെത്തിയതോടെ ഡിസിസി പ്രസിഡന്റ് കണ്‍വെന്‍ഷന്‍ നിര്‍ത്തിവെച്ചതായി അറിയിച്ച് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

കഴിഞ്ഞാഴ്ച കക്കാട് നടന്ന രാപ്പകല്‍ സമരത്തില്‍ കെപിസിസി സക്രട്ടറി പിടി അജയ്‌മോഹന്‍ പങ്കെടുക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്തെത്തുകയും വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ക്കും പ്രധാനകാരണമെന്നാണ് റിപ്പോര്‍ട്ട്.

സംഘര്‍ഷത്തെ തുടര്‍ന്ന് യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഡിസിസി പ്രസിഡന്റ് യോഗം പിരിച്ചുവിട്ടതായി അറിയിച്ചു.