പണത്തിന് മുന്നില്‍ കോണ്‍ഗ്രസ്സ് നേതൃത്വം മുട്ടുമടക്കില്ല; കെപി ഷാജഹാന്‍

shajahan kpപരപ്പനങ്ങാടി: കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച പ്രദേശിക നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ട നിയാസ് പുളിക്കലകത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. മുന്‍ മണ്ഡലം ട്രഷറര്‍ ആയിരുന്ന നിയാസിന് രണ്ടുവര്‍ഷമായി കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പുപോലുമില്ലെന്ന് കോണ്‍ഗ്രസ് പാര്‍ലിമെന്ററി കമ്മിറ്റിയംഗവും ഗ്രാമപഞ്ചായത്ത് മെമ്പറുമായ കെ പി ഷാജഹാന്‍ പറഞ്ഞു. ആ കാലത്ത് വെറും എട്ടുമാസത്തോളം മാത്രം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നിയാസ് ഇപ്പോള്‍ എങ്ങിനെയാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്നതെന്ന് തങ്ങള്‍ക്ക് മനസിലാകുന്നില്ലെന്നും ഷാജഹാന്‍ പറഞ്ഞു.

രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം എതിരുനിന്നുവെന്ന പ്രചരണം തെറ്റിദ്ധാരണ മൂലമാണെന്ന് ഷാജഹാന്‍ മലബാറിന്യൂസിനോട് പറഞ്ഞു. പണമല്ല പൊതുപ്രവര്‍ത്തനം തന്നെയാണ് കോണ്‍ഗ്രസിലെ സ്ഥാനമാനങ്ങള്‍ക്കുള്ള മാനദണ്ഡമെന്ന് ഷാജഹാന്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസം മലബാറിന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസിന്റെ ജില്ലാ പ്രദേശിക നേതൃത്വങ്ങളുടെ തെറ്റായ സമീപനങ്ങളാണ് തന്റെ രാജിക്ക് കാരണമെന്ന്് നിയാസ് പറഞ്ഞിരുന്നു. മാത്രമല്ല കോണ്‍ഗ്രസ്സില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ കഴിവല്ല ആശ്രിതത്വമാണ് മാനദണ്ഡമെന്നും നിയാസ് തുറന്നടിച്ചിരുന്നു.

നിയാസിന്റെ പ്രസ്താവനയ്‌ക്കെതിരെ ഗ്രുപ്പ് വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായാണ് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നത്.

മുസ്ലിംലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിക്കുമെന്ന നിയാസിന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലിംലീഗിലും ചില മുറുമുറുപ്പുകള്‍ ഉയര്‍ന്നിരുന്നു. ബെയ്ത്തുല്‍ റഹ്മ പദ്ധതി മുസ്ലിംലീഗിന്റെ സംഘടന കമ്മിറ്റികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നവയാണെന്നും പാര്‍ട്ടി അംഗമല്ലാത്തൊരാള്‍ക്ക് നേരിട്ട് ഇതിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ഒരുവിഭാഗം വാദിക്കുന്നു.

കോണ്‍ഗ്രസ്സില്‍ സ്ഥാനമാനങ്ങള്‍ ആശ്രിതര്‍ക്ക് മാത്രം: നിയാസ് പുളിക്കലകത്ത്