രാഹുല്‍ ഗാന്ധി ഉത്തരാഖണ്ഡിലുണ്ടോ?

328948-rahul700ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗന്ധിയെ സംബദ്ധിച്ച അഭ്യൂഹങ്ങള്‍ തുടരുന്നു. രാഹുല്‍ ഗാന്ധി ഉത്തരാഖണ്ഡിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ശര്‍മ ട്വിറ്ററിലൂടെ ചിത്രം സഹിതം വെളിപ്പെടുത്തിയത് സംഭവത്തിന് പുതിയ മാനം നല്‍കി. രാഹുല്‍ ഉത്തരാഖണ്ഡിലുണ്ടെന്നതിന് തെളിവുകളുമായി ശര്‍മ ചില ചിത്രങ്ങളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ ഇത് മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ശര്‍മയുടെ വാദം തള്ളി രാഹുലിന്റെ ഓഫീസ് വിശദീകരണക്കുറിപ്പ് ഇറക്കി. ജഗദീഷ് ശര്‍മ പുറത്തുവിട്ട ചിത്രങ്ങള്‍ 2008 ല്‍ രാഹുല്‍ ഉത്തരാഖണ്ഡ് സന്ദര്‍ശിച്ചപ്പോള്‍ എടുത്തതാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. തൊപ്പിയും തണുപ്പകറ്റുന്ന തരത്തിലുള്ള വസ്ത്രങ്ങളും ധരിച്ച് ഫോണില്‍ സംസാരിക്കുന്നതടക്കുമുള്ള ചിത്രങ്ങളാണ് ശര്‍മ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്.

അതേസമയം രാഹുല്‍ പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്ത് രാജ്യം വിട്ടത് അമ്മയും പാര്‍ട്ടി അദ്ധ്യക്ഷയുമായ സോണിയാ ഗാന്ധിയുമായുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി കാര്യങ്ങളില്‍ തന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നില്ലെന്ന് മാത്രമല്ല തിരഞ്ഞെടുപ്പ് തോല്‍വികളുടെ ഉത്തരവാദിത്വം മുഴുവന്‍ തന്റെ മേല്‍ ചാര്‍ത്തപ്പെടുന്നു എന്നും രാഹുലിന് പരിഭവവമുണ്ട് എന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.