ആന്റണി ജീവിക്കുന്നത് ഏത് ലോകത്താണ്; പ്രകാശ് കാരാട്ട്

prakash_karatകൊച്ചി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പിന്തുണ തേടുന്ന പ്രതിരോധ മന്ത്രി എകെ ആന്റണി ഏത് ലോകത്താണ് ജീവിക്കുന്നത് എന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. നൂറ് സീറ്റ് തികച്ച് കിട്ടാത്ത കോണ്‍ഗ്രസ്സ് സിപിഐഎം പിന്തുണ തേടുന്നത് ഏത് അര്‍ത്ഥത്തില്‍ ആണെന്നും ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വരാനിരിക്കുന്നത് സര്‍വ്വ നാശമാണെന്നും കാരാട്ട് പറഞ്ഞു.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും, ആന്റണിയും അഴിമതിക്കാരല്ലെങ്കിലും വകുപ്പുകള്‍ അഴിമതിയില്‍ ഒട്ടും കുറവില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. 8 കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും സംസ്ഥാനത്തിനായി ഒന്നും നേടാനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ്സിനെ പുന്തുണക്കുമോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ലെന്നും ദുര്‍ഭരണം മൂലം ജനം തോല്‍പ്പിക്കുന്ന കോണ്‍ഗ്രസ്സിനെ പിന്തുണക്കേണ്ട കാര്യമില്ലെന്നും കാരട്ട് വ്യക്തമാക്കി.

യുപിഎ ഭരണത്തില്‍ രാജ്യത്ത് വിലകയറ്റവും,തൊഴിലില്ലായ്മയും കൂടി എന്നും കര്‍ഷകരുടെ ജീവിതം ദുരിതത്തിലായെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ക്രിസ്റ്റി ഫെര്‍ണ്ണാണ്ടസിന്റെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കവെയാണ് കാരാട്ടിന്റെ വിമര്‍ശനം.