കൊച്ചി മെട്രോയിലൂടെ പരീക്ഷണ സര്‍വീസ് ആരംഭിച്ചു

കൊച്ചി : കൊച്ചി മെട്രോയിലൂടെ പരീക്ഷണ സര്‍വീസ് ആരംഭിച്ചു. രാവിലെ ഏഴിനാണ് സര്‍വീസുകള്‍  തുടങ്ങിയത്. രാത്രി 9.30 വരെയാണ് ട്രെയിനുകള്‍ ഓടുക. യഥാര്‍ഥ സര്‍വീസിന്റെ സാങ്കേതികസംവിധാനങ്ങളെല്ലാം ഉപയോഗിച്ച്,  സമയക്രമം തയ്യാറാക്കി ഓരോ സ്റ്റേഷനുകളിലും നിര്‍ത്തേണ്ട സമയം പാലിച്ചാണ് പരീക്ഷണ അടിസ്ഥാനത്തിലുള്ള സര്‍വീസ് എന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

ഇന്ന് നാലു ട്രെയിനുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. വ്യാഴാഴ്ച മുതല്‍ ആറു ട്രെയിന്‍ വീതമാക്കും. കുറഞ്ഞത് ഒരാഴ്ചമുതല്‍ 10 ദിവസംവരെ സര്‍വീസ് ട്രയല്‍ നടത്തും.

കഴിഞ്ഞയാഴ്ചയാണ് സിഎംആര്‍എസിന്റെ അന്തിമ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായത്. അനുമതിക്കൊപ്പം നല്‍കിയ റിപ്പോര്‍ട്ടില്‍ ചില നിര്‍ദേശങ്ങളുമുണ്ട്. ടെലി കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് അധികമായി നടത്തേണ്ട കാര്യങ്ങളാണ് പ്രധാനമായും റിപ്പോര്‍ട്ടിലുള്ളത്. ഡിസ്പ്ളേ ബോര്‍ഡുകള്‍ അടക്കമുള്ള പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനങ്ങളിലും ചിലതു ചെയ്യേണ്ടതുണ്ട്. ഇവ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്നും കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു.

ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍വരുന്ന കൊച്ചി മെട്രോയുടെ ആദ്യഘട്ട പാതയില്‍ 11 സ്റ്റേഷനുകളാണുള്ളത്. സ്റ്റേഷനുകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞെന്നും ഇതുമായി ബന്ധപ്പെട്ടു ശേഷിക്കുന്ന അനുബന്ധ ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്നും  നിര്‍മാണച്ചുമതല വഹിക്കുന്ന ഡിഎംആര്‍സി അധികൃതര്‍ വ്യക്തമാക്കി.