ഐജിയുടെ കോപ്പിയടി വിവാദമാകുന്നു

04-1430733918-tj-jose-igകൊച്ചി: സംസ്ഥാനത്തെ ഉന്നത ഐ പി എസ് ഉദ്യോഗസ്ഥന്‍ ബിരുദാനന്തര നിയമബിരുദ പരീക്ഷയ്ക്കു കോപ്പിയടിച്ചത് വിവാദമാകുന്നു. എംജി സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ എല്‍ എല്‍ എം പരീക്ഷ എഴുതാന്‍ തൃശൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ടി ജെ ജോസ് ഗൈഡിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയുമായി എത്തിയെന്നാണ് ആരോപണം.

കളമശേരി സെന്റ് പോള്‍സ് കോളജില്‍ നടന്ന പരീക്ഷയ്ക്കിടെ ഇന്നലെ (04-05-2015) രാവിലെ പതിനൊന്നോടെയാണു കോപ്പിയടി വെളിച്ചത്തായത്. ഐജിയുടെ കൈയിലുണ്ടായിരുന്ന കൈലേസില്‍ ഗൈഡിലെ പേജുകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി പൊതിഞ്ഞുവച്ചിരുന്നതായി ഇന്‍വിജിലേറ്റര്‍ കണ്ടെത്തിയെന്നാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പരീക്ഷാര്‍ഥിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി കൈയോടെ പിടികൂടുകയായിരുന്നു. ഫോട്ടോസ്റ്റാറ്റ് പേജില്‍ നോക്കി പരീക്ഷയെഴുതുന്നതു കണ്ടു മുന്നറിയിപ്പു നല്‍കിയിട്ടും കോപ്പിയടി തുടര്‍ന്നുവത്രെ.

ഇന്‍വിജിലേറ്റര്‍ സംഭവം സൂപ്പര്‍വൈസര്‍ക്കു റിപ്പോര്‍ട്ട് ചെയ്തു. കോളജിലെ വൈസ് പ്രിന്‍സിപ്പല്‍ വി ജെ പീറ്ററെയും വിവരം അറിയിച്ചു. കോപ്പിയടിക്കാന്‍ ഉപയോഗിച്ച ഗൈഡിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി കൈമാറാന്‍ ഇന്‍വിജിലേറ്റര്‍ ആവശ്യപ്പെട്ടെങ്കിലും പരീക്ഷാര്‍ഥി അതു കൂടെ കൊണ്ടുപോയി എന്നാണ് റിപ്പോര്‍ട്ട്.

സംഭവം ഇന്നലെ തന്നെ എംജി സര്‍വ്വകലാശാല പരീക്ഷ കണ്‍ട്രോളര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. ഇന്നത്തെ പരീക്ഷ എഴുതാന്‍ ഐജിയെ അനുവദിക്കില്ലെന്നു കോളജ് അധികൃതര്‍ വ്യക്തമാക്കി. പരീക്ഷാ കേന്ദ്രത്തില്‍നിന്ന് അറിയിപ്പു ലഭിച്ച പശ്ചാത്തലത്തില്‍ ഡെപ്യൂട്ടി രജിസ്ട്രാറെ സര്‍വകലാശാല അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് ആഭ്യന്തരവകുപ്പും അന്വേഷണം തുടങ്ങി.