കൊച്ചിയില്‍ ഡേ കെയറില്‍ ഒന്നരവയസ്സുള്ള കുഞ്ഞിന് മര്‍ദ്ദനം; ഉടമ അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടത്തുള്ള കളിവീട് ഡേ കെയറില്‍ ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിനെ സ്ഥാപന ഉടമ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കുഞ്ഞിനെ അടിക്കുന്നതിന്റെയും കവിളില്‍ പിച്ചുന്നതും ഉറക്കെ ചീത്തപറയുന്നതും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുളളത്.

കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഒരു രക്ഷിതാവ് പകര്‍ത്തി വാര്‍ത്താ ചാനലുകള്‍ക്ക് നല്‍കിയതോടെയാണ് പ്രശ്‌നം പുറംലോകമറിയുന്നത്. ഇതെതുടര്‍ന്ന് പോലീസ് സ്ഥാപന ഉടമയെ കസ്റ്റഡിയിലെടുത്തു.

കളിവീട് എന്ന ഡേ കെയര്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാരി മിനിയാണ് കസ്റ്റഡിയിലായത്. സ്ഥാപനത്തിന് ലൈസന്‍സും ഇല്ല.ഒന്നര വയസുമുതല്‍ 4 വയസുവരെയുള്ള കുഞ്ഞുങ്ങളാണ് ഇവിടെയുള്ളത്. ഒരു മാസത്തേക്ക് 1500 മുതല്‍ 3500 രൂപവരെയാണ് ഇവിടത്തെ ഫീസ്.20 കുട്ടികളാണ് ഇവിടെയുള്ളത്്.

കുട്ടികള്‍ക്ക് ഈ ഡേ കെയറില്‍ പോകാനുള്ള മടിയുടെ കാരണം ഇത്തരം മോശം പെരുമാറ്റമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദൃശ്യം പകര്‍ത്തിയത്. കുട്ടികളുടെ ശരീരത്തില്‍ അടിയേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നു. ദൃശ്യങ്ങള്‍ പറുത്തുവന്നതോടെ രക്ഷിതാക്കള്‍ സ്ഥാപനത്തിന് മുന്നില്‍ തടിച്ചുകൂടി ബഹളം വെച്ചു. എന്നാല്‍ താന്‍ ഇത്തരത്തില്‍ പെരുമാറിയിട്ടില്ലെന്നും കുഞ്ഞുങ്ങളെ പുന്നാരിച്ചതാണെന്നുമാണ് സ്ഥാപന നടത്തിപ്പുകാരി ആദ്യം പറഞ്ഞത്. എന്നാല്‍ മിനി കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്ന് സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരിയും പറഞ്ഞു.