കൊക്കൈയ്ന്‍ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

images copyകൊച്ചി: കൊച്ചി കൊക്കെയ്ന്‍ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. നൈജീരിയന്‍ സ്വദേശി ഒക്കോവേ ചിഗോസി കോളിന്‍സാണ് അറസ്റ്റിലായത്. നോര്‍ത്ത് ഗോവയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

ഗോവ പോലീസിന്റെ സഹായത്തോടെ കൊച്ചി പോലീസാണു പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതികള്‍ക്കു മയക്കു മരുന്ന് എത്തിച്ചത് ഇയാളാണെന്നു പോലീസ് പറഞ്ഞു. ഇയാളെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഗോവയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

കേസില്‍ മറ്റു പ്രതികളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ഷൈന്‍ ടോം ചാക്കോ, ടിന്‍സി ബാബു, സ്‌നേഹ ബാബു എന്നിവരെ 19 വരെ എറണാകുളം ഡിസ്ട്രിക്ട് ആന്‍ഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. മോഹന്‍ദാസ് റിമാന്‍ഡ് ചെയ്തിരുന്നു.