കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മിഷേല്‍ ഷാജിയുടെ മരണത്തില്‍ 2 പേര്‍ പോലീസ് കസ്റ്റഡിയില്‍

കൊച്ചി: കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സി എ വിദ്യാര്‍ത്ഥി മിഷേല്‍ ഷാജി മരിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മിഷേലിനെ നേരത്തെ ശല്യപെടുത്തിയിരുന്ന രണ്ട് യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തലശ്ശേരിക്കാരനായ ഒരാളെ ഇന്നലെയും, ചെന്നൈയില്‍ താമസക്കാരനായ ഒരാളെ ഇന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. ചെന്നൈയില്‍ ഉള്ള യുവാവിനെ വിളിച്ചുവരുത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്ക് മരണത്തില്‍ പങ്കുള്ളതായി വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

അതിനിടെ മിഷേലിന്റെ മരണം വെള്ളത്തില്‍ മുങ്ങിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പിറവം പെരിയപ്പുറം എണ്ണായ്ക്കാപ്പിള്ളില്‍ ഷാജിയുടെ മകള്‍ മിഷേല്‍ ഷാജി (18)യെ എറണാകുളം വാര്‍ഫില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. എറണാകുളം കച്ചേരിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായ മിഷേലിനെ കാണാനില്ലെന്ന് പരാതി ഉണ്ടായിരുന്നു. കച്ചേരിപ്പടിയില്‍ തന്നെയുള്ള ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം. കലൂര്‍ പള്ളിയില്‍ പോവുകയാണെന്നു പറഞ്ഞാണ് ഹോസ്റ്റലില്‍ നിന്നു പോയത്. പള്ളിയിലെത്തിയ പെണ്‍കുട്ടി നടന്നു പോകുന്ന ദൃശ്യങ്ങള്‍ കലൂര്‍ പള്ളിയിലെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.

മരണത്തില്‍ ദുരൂഹതയുണ്ടെന്നുകാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.