‘ക്ലീന്‍ കനോലി’: ശുചീകരണത്തിന് പുതിയ പദ്ധതി

താനൂര്‍: കനോലി കനാലില്‍ മാലിന്യങ്ങള്‍ നിറയുന്ന സാഹചര്യത്തില്‍ കലക്ടര്‍ നിയോഗിച്ച വിദഗ്ദ സംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തി. വി. അബ്ദുറഹിമാന്‍ എം.എല്‍.എയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ആഴ്ച ജില്ലാ കലക്ടര്‍ താനൂരില്‍ കനോലി കനാല്‍ സന്ദര്‍ശിച്ചിരുന്നു.

കനാലിലടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു. ശുചീകരണത്തിന് ആറു മാസത്തെ പദ്ധതിയാണ് സംഘം ഉദ്ദേശിക്കുന്നത്. യന്ത്ര സഹായത്താല്‍ മാലിന്യം കണ്ടെത്തി ശുദ്ധീകരിക്കുന്ന പദ്ധതിയാണിത്.

കനാലിലെ വെള്ളം നിറം മാറുകയും മാലിന്യങ്ങള്‍ ഒഴുകി നടക്കുകയും ചെയ്താലാണ് യന്ത്ര സംവിധാനം പ്രവര്‍ത്തനം തുടങ്ങുക. കനാലില്‍ ലയിച്ചുകിടക്കുന്ന മാലിന്യങ്ങളും  ഇതിന്റെ പരിധിയില്‍ വരുമെന്ന് സംഘം അറിയിച്ചു. കനാലില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതിനെ തുടര്‍ന്ന് പരിസരവാസികള്‍ക്ക് വിവിധ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംഘത്തോടൊപ്പം വി. അബ്ദുറഹിമാന്‍ എം.എല്‍.എ, നഗരസഭാ വൈസ് ചെയര്‍മാന്‍ സി. മുഹമ്മദ് അഷ്‌റഫ്, നഗരസഭാംഗങ്ങളായ പി.ടി. ഇല്ല്യാസ്, ടി. അറമുഖന്‍, എന്നിവരുമുണ്ടായിരുന്നു.