ആസ്ട്രിയയിലെ ക്ലാം ഗല്ലാസ് കൊട്ടാരം ഇനി ഖത്തറിന്‌ സ്വന്തം

clam galla palaceദോഹ: രാജ്യാന്തര തലത്തില്‍ ഖത്തറിന് ഒരു നിക്ഷേപംകൂടി. ആസ്ട്രിയയിലെ പ്രമുഖമായ ഒരു കൊട്ടാരമാണ് ഖത്തര്‍ ഒടുവില്‍ സ്വന്തമാക്കിയിരിക്കുന്നത്. ആസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലെ ക്ലാം ഗല്ലാസ് കൊട്ടാരമാണ് ഖത്തറിന്റേതായി മാറിയതെന്ന് പ്രാദേശിക വെബ്‌പോര്‍ട്ടലായ ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശമുണ്ടായിരുന്ന ഫ്രാന്‍സില്‍ നിന്നാണ് ഖത്തര്‍ അത് വാങ്ങിയത്. ആസ്ട്രിയിലെ ഖത്തര്‍ എംബസിക്ക് കൊട്ടാരം വില്‍പ്പന നടത്തിയതായി അവിടത്തെ ഫ്രഞ്ച് എംബസി വക്താവ് ദോഹ ന്യൂസിനോട് പ്രതികരിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. അതേസമയം എത്ര തുകയുടെ ഇടപാടാണ് നടന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം 30 മില്യണ്‍ യൂറോയുടെ ഇടപാടാണ് നടന്നിരിക്കുന്നതെന്ന് ന്യൂസ്‌വയര്‍ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഈ വാര്‍ത്ത സ്ഥിരീകരിക്കാന്‍ ഫ്രഞ്ച് എംബസി തയ്യാറായില്ല. വിയന്നയിലെ ഖത്തര്‍ എംബസി വക്താവും പ്രതികരിച്ചിട്ടില്ല. ആസ്ട്രിയയിലെ പഴക്കം ചെന്ന കൊട്ടാരങ്ങളിലൊന്നാണ് ക്ലാം ഗല്ലാസ്.

ആസ്ട്രിയയുടെ ചരിത്രവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന ഈ കൊട്ടാരം സ്ഥാപിതമായത് 1834ലാണ്. 1951ലാണ് ഫ്രഞ്ച് ഗവണ്‍മെന്റ് സ്വന്തമാക്കുന്നത്. 1981 മുതല്‍ ഈ കൊട്ടാരത്തില്‍ ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിച്ചുവന്നിരുന്നു. കലാ- സാംസ്‌കാരിക കേന്ദ്രമായാണ് കൊട്ടാരത്തെ ഉപയോഗിച്ചുപോന്നിരുന്നത്. പതിനൊന്ന് ഏക്കറിലായാണ് കൊട്ടാരം സ്ഥിതിചെയ്യുന്നത്. കൊട്ടാരത്തെ ഇതേനിലയില്‍ സംരക്ഷിച്ചുമുന്നോട്ടുകൊണ്ടുപോ കുന്നത് വലിയ ബാധ്യതയാണെന്ന് അടുത്തിടെ വിയന്നയിലെ ഫ്രഞ്ച് അംബാസഡര്‍ വ്യക്തമാക്കിയിരുന്നു.

മുമ്പുണ്ടായിരുന്നതുപോലെ എല്ലാ പ്രഭയോടെയും കൊട്ടാരത്തെ സംരക്ഷിച്ച് നിലനിര്‍ത്തുമെന്ന് പുതിയ ഉടമകളായ ഖത്തര്‍ എംബസി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഫ്രഞ്ച് എംബസി വ്യക്തമാക്കുന്നു. അടുത്ത വേനല്‍ വരെയും ഫ്രഞ്ച് എംബസിയുടെ പക്കലായിരിക്കും കൊട്ടാരം. അതിനുശേഷമായിരിക്കും കൈമാറ്റം നടക്കുക.

കൊട്ടാരം ഖത്തര്‍ എന്താവശ്യത്തിനായാണ് ഉപയോഗപ്പെടുത്തുകയെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. വിയന്നയിലെ ഖത്തര്‍ എംബസിയുടെ ആസ്ഥാനമായി ഉപയോഗിക്കുമോയെന്ന കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.