പാകിസ്ഥാനില്‍ ക്രിസ്‌ത്യന്‍ കുടുംബത്തെ ചുട്ടുകൊന്നു

ഖുറാനെ നിന്ദിച്ചതായി ആരോപണം
Untitled-1 copy
ഇസ്ലാമാബാദ്‌: ക്രിസ്‌ത്യന്‍ കുടുംബത്തെ മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാനെ നിന്ദിച്ചു എന്നാരോപിച്ച്‌ ജീവനോടെ ചുട്ടുകൊന്നു. പഞ്ചാബ്‌ പ്രവിശ്യയിലെ കോട്ട്‌ രാധാകിഷന്‍ പട്ടണത്തിലാണ്‌ ദമ്പതിമാരായ ഷാമ, ഷഹ്‌സാദ്‌ എന്നിവരെ ക്രൂരമായി ചുട്ടുകൊലപ്പെടുത്തിയത്‌. ലാഹോറില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയാണ്‌ ദാരുണമായ സംഭവം അരങ്ങേറിയത്‌.

ഖുറാനെ നിന്ദിച്ചു എന്ന്‌ പറഞ്ഞ്‌ അക്രമാസക്തരായ ഒരു കൂട്ടം നാട്ടുകാര്‍ ഇവരുടെ വീട്ടിലേക്ക്‌ ഓടിയെത്തുകയും ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട്‌ ഇഷ്‌ടിക ചൂളയിലിട്ട്‌ ജീവനോടെ കത്തിക്കുകയുമായിരുന്നു. ഷാമയും, ഷഹ്‌സാദും ഇതേ ഇഷ്‌ടിക ചൂളയിലാണ്‌ ജോലി ചെയ്‌തിരുന്നത്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ പഞ്ചാബ്‌ പ്രവിശ്യാ മുഖ്യമന്ത്രി അനേ്വഷണത്തിന്‌ ഉത്തരവിട്ടു. മതനിന്ദയെ വലിയ കുറ്റമായാണ്‌ പാകിസ്ഥാനില്‍ കണക്കാക്കുന്നത്‌. പലസമയങ്ങളിലും ജനങ്ങള്‍ തന്നെ ഇക്കാര്യത്തില്‍ നിയമം നടപ്പാക്കുക ഇവിടെ പതിവാണ്‌. ഇത്തരത്തില്‍ നിരവധി പേര്‍ പാകിസ്ഥാനില്‍ ഇതിനുമുമ്പും ക്രൂരമായി കൊല്ലപ്പെട്ടിട്ടുണ്ട്‌.

അതേസമയം ഇത്തരത്തിലുള്ള കേസുകളില്‍പ്പെട്ട്‌ ശിക്ഷയനുഭവിച്ച്‌ പുറത്തിറങ്ങിയ ശേഷവും ഇവരെ മതമൗലികവാദികള്‍ ആക്രമിക്കുന്ന പതിവ്‌ ഇവിടെയുണ്ട്‌.
ദമ്പതികളെ ചുട്ടുകൊന്ന സംഭവത്തെ തുടര്‍ന്ന്‌ ക്രിസ്‌ത്യന്‍ ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്‌.