ചൈനയില്‍ യാത്രാ കപ്പല്‍ മുങ്ങി 450 പേരെ കാണാതായി

_83361083_027496124ബീജിംഗ്‌: ചൈനയിലെ യാങ്ങ്‌സീ നദിയില്‍ യാത്രാ കപ്പല്‍ മുങ്ങി 450 പേരെ കാണാതായി. തിങ്കളാഴ്‌ച രാത്രിയാണ്‌ അപകടം നടന്നത്‌. കൊടുങ്കാറ്റിനെ തടര്‍ന്ന്‌ ഹുബെയ്‌ പ്രവിശ്യയില്‍ വെച്ചാണ്‌ ഇസ്റ്റേണ്‍ സ്റ്റാര്‍ എന്ന കൂറ്റന്‍ കപ്പല്‍ തലകീഴായ്‌ മറിഞ്ഞത്‌. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈനീക കപ്പലുകളും ബോട്ടുകളും അപകടസ്ഥലത്ത്‌ എത്തിയിട്ടുണ്ട്‌.

യാത്രക്കാരില്‍ ഭൂരിപക്ഷവും 50 നും 80 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്‌. 76 മീറ്റര്‍ നീളവും 2200 ടണ്‍ ഭാരവുമുണ്ടായിരുന്ന കപ്പലില്‍ 406 വിനോദ സഞ്ചാരികളും 47 ജീവനക്കാരും ട്രാവല്‍ ഏജന്‍സിയുടെ അഞ്ച്‌ പ്രതിനിധികളുമാണ്‌ ഉണ്ടായിരുന്നത്‌. ഇതില്‍ 12 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്‌. ഒരാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്‌.

മുങ്ങുന്നതിന്‌ മുമ്പ്‌ കപ്പല്‍ അപകടസൂചനകളൊന്നും നല്‍കിയിരുന്നില്ല എന്നാണ്‌ റിപ്പോര്‍ട്ട്‌. കപ്പല്‍ മുങ്ങാന്‍ തുടങ്ങിയതോടെ യാത്രക്കാരില്‍ ചിലര്‍ അപകട സൈറന്‍ മുഴക്കിയതോടെ തീരക്കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്നവര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പ്രാദേശിക സമയം രാത്രി 9.30 നാണ്‌ കപ്പല്‍ മുങ്ങിയത്‌. കപ്പലിന്റെ ക്യാപ്‌റ്റനും ചീഫ്‌ എഞ്ചിനിയറും അപകടത്തില്‍ രക്ഷപ്പെട്ടിട്ടുണ്ട്‌.