Section

malabari-logo-mobile

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകള്‍: മെഡിക്കല്‍ പരിശോധന നിര്‍ബന്ധം-ബാലാവകാശ കമ്മീഷന്‍

HIGHLIGHTS : ലൈംഗികാതിക്രമ കേസുകള്‍ പൊലീസ്‌ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്‌താലുടന്‍ അക്രമത്തിനിരയായ കുട്ടികളെ മെഡിക്കല്‍

ipad-art-wide-pg6-child-abuse-420x0ലൈംഗികാതിക്രമ കേസുകള്‍ പൊലീസ്‌ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്‌താലുടന്‍ അക്രമത്തിനിരയായ കുട്ടികളെ മെഡിക്കല്‍ പരിശോധനയ്‌ക്ക്‌്‌ വിധേയമാക്കേണ്ടത്‌ നിര്‍ബന്ധമാണെന്ന്‌ ബാലാവകാശ കമ്മീഷന്‍. ഇതിനു വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പരാതിക്കാര്‍ക്ക്‌ നല്‍കേണ്ടത്‌ പൊലീസാണ്‌. ഇത്തരത്തില്‍ പരിശോധനക്ക്‌ വിധേയമാക്കാതിരിക്കുന്നത്‌ പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്‌ചയാണ്‌. ചേളാരി സ്വദേശിയും 19 കാരിയുമായ യുവതി തന്റെ അഞ്ച്‌ മാസം പ്രായമായ പെണ്‍കുഞ്ഞിനെ, കുഞ്ഞിന്റെ പിതാവ്‌ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച്‌ നല്‍കിയ പരാതി പരിഗണിക്കവേയാണ്‌ കമ്മീഷന്‍ ഇക്കാര്യം സൂചിപ്പിച്ചത്‌. ചേളാരി പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ഇതുവരെ പ്രതിയെ അറസ്റ്റ്‌ ചെയ്യുകയോ പീഡനത്തിനിരയായ കുട്ടിയെ മെഡിക്കല്‍ പരിശോധനയ്‌ക്ക്‌ വിധേയമാക്കുകയോ ചെയ്യാതിരുന്നത്‌ പൊലീസിന്റെ ഗുരുതര വീഴ്‌ചയാണെന്നും കമ്മീഷന്‍ പറഞ്ഞു. കുട്ടിയെ എത്രയും പെട്ടെന്ന്‌ മെഡിക്കല്‍ പരിശോധനയ്‌ക്ക്‌ വിധേയമാക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ സ്ഥലം എസ്‌.ഐ.യില്‍ നിന്നും കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. കൂടുതല്‍ അന്വേഷണത്തിനായി പരാതി എസ്‌.പിക്ക്‌ കൈമാറി.

സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കാതെ സ്‌കൂള്‍ ബസ്‌ സര്‍വീസ്‌ നടത്തിയാല്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ കമ്മീഷന്‍ അറിയിച്ചു. ജില്ലയിലെ പല സ്‌കൂളുകളിലും നിയമ വിരുദ്ധമായി സ്‌കൂള്‍ ബസുകള്‍ സര്‍വീസ്‌ നടത്തുന്നുണ്ടെന്ന്‌ ചൈല്‍ഡ്‌ലെന്‍ പ്രവര്‍ത്തകര്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. പല ബസുകളിലും ചട്ടങ്ങള്‍ പാലിക്കാതെ ഡ്രൈവര്‍മാരെ നിയമിക്കുന്നതും ബസില്‍ കുട്ടികളെ കുത്തി നിറയ്‌ക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്‌. വിദ്യാര്‍ഥികള്‍ക്കും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ആര്‍.ടി.ഒ. യെ അറിയിക്കാം.

sameeksha-malabarinews

മുന്‍കൂട്ടി കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കാതെ സ്‌കൂളില്‍ നിന്നും പുറത്താക്കിയ മൂന്ന്‌ കുട്ടികളുടെ പരാതിയും കമ്മീഷന്‍ പരിഗണിച്ചു. കുട്ടികളെയോ രക്ഷിതാക്കളെയോ മുന്‍കൂട്ടി അറിയിക്കാതെയുള്ള നടപടി നിയമ വിരുദ്ധമാണെന്ന്‌ കമ്മീഷന്‍ വ്യക്തമാക്കി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറോടും സ്‌കൂള്‍ പ്രധാനാധ്യാപികയോടും അഞ്ച്‌ ദിവസത്തിനകം ഇതിനുള്ള വിശദീകരണം നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.

എട്ട്‌ പരാതികളാണ്‌ സിറ്റിങില്‍ പരിഗണിച്ചത്‌. കഴിഞ്ഞ സിറ്റിങിലെ ഒമ്പത്‌ പരാതികളില്‍ മൂന്നെണ്ണത്തിന്‌ തീര്‍പ്പായി. സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ആക്‌ടിങ്‌ ചെയര്‍മാന്‍ നസീര്‍ ചാലിയം, കമ്മീഷന്‍ മെമ്പര്‍ ഗ്ലോറി ജോര്‍ജ്‌ എന്നിവര്‍ സിറ്റിങിന്‌ നേതൃത്വം നല്‍കി. ചൈല്‍ഡ്‌ലൈന്‍ കോഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍, കൗണ്‍സലര്‍മാരായ നവാസ്‌ കൂരിയാട്‌, മുഹ്‌സിന്‍ പരി, രാജു കൃഷ്‌ണന്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!