യോഗയെ മതപരമായ ചടങ്ങായി കാണേണ്ടതില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം :യോഗയെ മതപരമായ ചടങ്ങായി കാണേണ്ടതില്ലെന്നും മതേതര ചിന്തയോടെ വേണം യോഗ പരിശീലിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചിലര്‍ക്ക് ഇതു സംബന്ധിച്ച് തെറ്റിദ്ധാരണയുണ്ട്. മറ്റു ചിലര്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. യോഗയുടെ ഭാഗമെന്ന നിലയില്‍ തെറ്റിദ്ധരിപ്പിക്കുന്ന സൂക്തമൊക്കെ ചൊല്ലും. യോഗയെ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ല. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരും ദേശീയ ആരോഗ്യ ദൗത്യവും തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം.
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും യോഗ പരിശീലനത്തിന് സംസ്ഥാന സര്‍ക്കാര്‍ ക്രമീകരണമൊരുക്കും. ജീവിതശൈലിയുടെ ഭാഗമായ പല രോഗങ്ങളും തടയാന്‍ യോഗയിലൂടെയും നല്ല ജീവിതചര്യയിലൂടെയും സാധിക്കും. യോഗാഭ്യാസത്തോടൊപ്പം മനസിനെ ശരിയായി ക്രമീകരിക്കാനും പരിശീലിക്കണം. മനസിനെ നിയന്ത്രിക്കാന്‍ കഴിയാത്തതിനാലാണ് പലപ്പോഴും തെറ്റുകളില്‍ ചെന്നു ചാടുന്നത്. യോഗ കേവലം വ്യായാമമായി മാത്രം ശീലിച്ചാല്‍ പോര. യോഗ പരിശീലിക്കുമ്പോള്‍ അതിനനുസരിച്ചുള്ള ഭക്ഷണക്രമവും പാലിക്കണം.
യോഗയുടെ സാധ്യത ഇന്ന് കൂടുതല്‍ പേര്‍ മനസിലാക്കിയിട്ടുണ്ട്. യോഗ പരിശീലിക്കുന്നതിന് വിദേശത്തു നിന്നു പോലും നിരവധി പേര്‍ എത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയ്ക്കിടെ യോഗ അഭ്യസിക്കാന്‍ കേരളത്തിലേക്ക് വന്ന റഷ്യയില്‍ നിന്നുള്ള സ്‌കീയിംഗ് താരത്തെ പരിചയപ്പെട്ട സംഭവം മുഖ്യമന്ത്രി ചടങ്ങില്‍ വിശദീകരിച്ചു. ആശാ, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള യോഗ പരിശീലന കൈപ്പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. യോഗയെ പ്രോത്‌സാഹിപ്പിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. യോഗ സെന്ററുകളും കോഴ്‌സുകളും ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മേയര്‍ വി. കെ. പ്രശാന്ത്, വി. എസ്. ശിവകുമാര്‍ എം. എല്‍. എ, ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, എന്‍. എച്ച്. എം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ഭാരതീയ ചികിത്‌സാ വകുപ്പ് ഡയറക്ടര്‍ അനിതാ ജേക്കബ് എന്നിവര്‍ സംസാരിച്ചു.
സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച യോഗ പരിശീലനം മെഡിക്കല്‍ കോളേജിലെ ഹോളിസ്റ്റിക് വിഭാഗം പരിശീലകന്‍ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര എം. എസ് യോഗ പരിശീലനം നല്‍കി.

Related Articles