സമാധാനവും സമുദായ സൗഹാര്‍ദവും പുരോഗമന ചിന്തയും പുതിയ ആശയങ്ങളോടുള്ള തുറന്ന സമീപനവുമാണ് കേരളത്തിന്റെ പുരോഗതിയുടെ അടിത്തറ; മുഖ്യമന്ത്രി

തിരുവനന്തപുരം; രാജ്യം എഴുപത്തി ഒന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ലോകമെങ്ങുമുള്ള മലയാളികള്‍ക്കും സ്വാതന്ത്ര്യദിനാശംസ നേര്‍ന്നു. ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത എന്നിവ ഉയര്‍ത്തിപ്പിടിക്കാന്‍ ജനങ്ങളുടെ ഐക്യത്തിലൂടെ രാഷ്ട്രത്തിനു കഴിയട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. വിഭിന്ന ആശയങ്ങളോടും അഭിപ്രായങ്ങളോടുമുള്ള സഹിഷ്ണുത ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പിന് അത്യന്താപേക്ഷിതമാണ്.
ദേശീയപ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്  എന്നും മറ്റുള്ളവര്‍ക്ക് മുന്നില്‍ നടന്ന സംസ്ഥാനമാണ് കേരളം. സമാധാനവും സമുദായ സൗഹാര്‍ദവും പുരോഗമന ചിന്തയും പുതിയ ആശയങ്ങളോടുള്ള തുറന്ന സമീപനവുമാണ് കേരളത്തിന്റെ പുരോഗതിയുടെ അടിത്തറയെന്ന് മുഖ്യമന്ത്രി പറഞ്ഞു.