അഴിമതി വെച്ചുപൊറുപ്പിക്കില്ല;പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: അഴിമതി ഒരുകാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. രാഷ്ട്രീയ വിരോധമുള്ളവര്‍ ഉണ്ടെന്ന ജാഗ്രത എല്ലാ സ്റ്റാഫിനും ഉണ്ടായിരിക്കണമെന്നും കാര്യങ്ങള്‍ നേടിയെടുക്കാന്‍ വരുന്നവരെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുതരത്തിലുള്ള പാരിതോഷികങ്ങളും ആരില്‍ നിന്നും സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ഒരു വകുപ്പിലെ പേഴ്‌സണല്‍ സ്റ്റാഫ് ഒരുകാരണവശാലും മറ്റ് വകുപ്പുകളുടെ കാര്യത്തില്‍ ഇടപെടരുത്. എന്നാല്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണമെന്നും മുഖ്യമന്ത്രി പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ അറിയിച്ചു.

സ്വീകരിക്കുന്ന നടപടികളിലും തീരുമനങ്ങളിലും യാതൊരു വിധത്തിലുള്ള താല്‍പര്യങ്ങളും ഉണ്ടാവാന്‍ പാടില്ലെന്നും എല്ലാ കാര്യങ്ങളിലും കൃത്യനിഷഠ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.