ഉമ്മന്‍ചാണ്ടിയുമായി ബന്ധം തകരാന്‍ കാരണം അഴിമതിക്കെതിരെ താനെടുത്ത നിലപാട്‌; ചെറിയാന്‍ ഫിലിപ്പ്‌

cheriyan philipഅഴിമതിക്കെതിരെ താനെടുത്ത ഉറച്ച നിലപാടുകളാണ്‌ ഉമ്മന്‍ചാണ്ടിയുമായുള്ള കുട്ടിക്കാലം മുതലുള്ള ബന്ധം തകരാന്‍ കാരണമായതെന്ന്‌ ചെറിയാന്‍ ഫിലിപ്പ്‌. ഇടതുപക്ഷ സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ്‌ തന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലാണ്‌ ഇക്കാര്യം തുറന്നെഴുതിയിരിക്കുന്നത്‌.

ജീരകപ്പാറയിലെ വനം കൊള്ളക്കെതിരെ പ്രതികരിച്ചതിനാണ്‌ എ ഗ്രൂപ്പില്‍ നിന്നും ഉമ്മന്‍ചാണ്ടി തന്നെ പുറത്താക്കിയതെന്ന്‌ അദേഹം പറയുന്നു. അക്കാലം മുതല്‍ തന്നെ ഉമ്മന്‍ ചാണ്ടി അഴിമതിക്കാരായ ഒരു ഉപജാപക സംഘത്തിന്റെ തടവറയിലായിരുന്നുവെന്ന്‌ ചെറിയാന്‌ ഫിലിപ്പ്‌ പറയുന്നു.

തന്നെ ആദ്യകാലങ്ങളില്‍ പ്രോത്സാഹിപ്പിക്കുകയും രക്ഷകര്‍തൃ സ്ഥാനം വഹിക്കുകയും ചെയ്‌ത ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറയാന്‍ മനസ്‌ അനുവദിച്ചില്ല. ഒടുവില്‍ ആത്മാഭിനമാനത്തിന്‌ മുറിവേറ്റതു കൊണ്ടാണ്‌ കോണ്‍ഗ്രസ്‌ വിടുകയും പുതുപ്പള്ളിയില്‍ മത്സരിക്കുകയും ചെയ്‌തതെന്ന്‌ ചെറിയാന്‍ ഫിലിപ്പ്‌ പറയുന്നു.

തന്നോടുള്ള ഉമ്മന്‍ചാണ്ടിയുടെ ശത്രുതയുടെ കാരണം ഇപ്പോഴും പുറത്തുപറാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന്‌ പറഞ്ഞാണ്‌ ചെറിയാന്‍ ഫിലിപ്പ്‌ തന്റെ പോസ്‌റ്റ്‌ അവസാനിപ്പിക്കുന്നത്‌.