തണല്‍ സംഘടന തിങ്കളാഴ്ച ബംഗളുരുവില്‍ പി.വി. അബ്ദുള്‍ വഹാബ് എം.പി.യെ ആദരിക്കും

തേഞ്ഞിപ്പലം: ചേളാരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ തണല്‍ 14 വര്‍ഷം പൂര്‍ത്തീകരിക്കുന്ന വേളയില്‍ തണലിന്റെ ചീഫ് പാറ്റ്രേണും യുനസ്‌കോ അവാര്‍ഡ് ജേതാവുമായ പി.വി. അബ്ദുള്‍ വഹാബ് എം.പി.യെ തിങ്കളാഴ്ച്ച ബാംഗളുരു മടിവാളയിലെ ഹോട്ടല്‍ സവോറി ഓഡിറ്റോറിയത്തില്‍ വച്ച് അദരിക്കുന്നു. തിങ്കളാഴ്ച ദക്ഷിണേന്ത്യന്‍ പദ്ധതി പ്രഖ്യാപനവും നടക്കും.

കര്‍ണാടക ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഡവലപ്പ്‌മെന്റ് ആന്റ് ഹജ്ജ് വകുപ്പ് മന്ത്രി ആര്‍. റോഷന്‍ ബെയ്ഗ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എന്‍.എ. ഹാരിസ് എം.എല്‍.എ. (കര്‍ണാടക) അധ്യക്ഷത വഹിക്കും. രവി എം.എല്‍.എ (കര്‍ണാടക), മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍, ഡോ. പി.എ. ഇബ്രാഹിം ഹാജി, ബംഗളുരു കെ.എം.സി.സി പ്രസിഡന്റ്, നാസര്‍, ജന:സെക്രട്ടറി എം.കെ. നൗഷാദ്, എം.എം.എ പ്രസിഡന്റ്, എന്‍.എ. മുഹമ്മദ്, തണല്‍ ചെയര്‍മാന്‍ പി.എം. മുഹമ്മദലി ബാബു എന്നിവര്‍ സംബന്ധിക്കും. മൈസൂര്‍ കല്ല്യാണം എന്ന പേരില്‍ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വിവാഹം നടത്തിയിട്ടുള്ള നിരവധി നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനായി സംഘടന ദത്തെടുക്കും.

ബംഗളുരു കെ.എം.സി.സി. യുടെ നേതൃത്വത്തില്‍ ശിഹാബ്തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റി ബംഗളുരു സിറ്റിയില്‍ ആരംഭിക്കുന്ന ഹോം കെയര്‍ പദ്ധതിക്കാവശ്യമായ വാഹനവും വാഹന ചെലവും തണല്‍ നല്‍കും. ജനുവരി ഒന്നു മുതല്‍ 365 പേര്‍ക്ക് വിവിധ ആശുപത്രികളുമായി സഹകരിച്ച് സൗജന്യമായി ഡയാലിസിസ് പദ്ധതി നടപ്പാക്കും. ഇതുപോലെ 365 കാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ ചെലവ് തണല്‍ എറ്റെടുത്തു നടപ്പാക്കാനാണ് തീരുമാനം. തണല്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന ശിഹാബ് തങ്ങള്‍ ഭവനപദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ച മൂന്നാമത്തെ ഭവനത്തിന്റെ താക്കോല്‍ദാനം ഫെബ്രുവരി മാസത്തില്‍ കോഴിക്കോട് മുക്കത്ത് ബി.പി. മൊയ്തീന്‍ സേവാമന്ദിരത്തില്‍വച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൈമാറും. കര്‍ണാടകത്തിലെ കനക്പുരയില്‍ നിര്‍മാണം പുരോഗമിക്കുന്ന രണ്ടു ഭവനങ്ങളുടെ ഉദ്ഘാടന കര്‍മ്മം കര്‍ണാടക വൈദ്യുതി വകുപ്പ് മന്ത്രി ഡി.കെ. ശിവകുമാറിന്റെ സാന്നിധ്യത്തില്‍ മാര്‍ച്ചില്‍ കനക്പുരയില്‍ നടക്കും. തണലിന്റെ 15-ാം വാര്‍ഷികാഘോഷവും ഫൗണ്ടര്‍ എ.പി. അസ്‌ലം അനുസ്മരണ സമ്മേളനവും ചേളാരിയില്‍ മത-സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വ്യാപാര വ്യവസായ മേഖലയിലെ പ്രശസ്തരുടെ സാന്നിധ്യത്തില്‍ നടക്കുമെന്ന് തണല്‍ സെക്രട്ടറി വി. മുഹമ്മദ് അഷ്‌റഫ് അറിയിച്ചു.