ചന്ദ്രബോസ് വധം: പിസി ജോര്‍ജിന്റെ കൈവശമുള്ള തെളിവുകള്‍ പുറത്ത്

PC-Georgeതിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ നിസാമിനെ രക്ഷിക്കാന്‍ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം ഇടപെട്ടതിനുള്ള തെളിവുകള്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്, മുഖ്യമന്ത്രിക്കു കൈമാറി.

പി സി ജോര്‍ജ് നല്‍കിയ കത്തിന്റെ വിശദാംശങ്ങള്‍ പുറത്തായി. നിസാമിനായി തൃശൂര്‍ സിറ്റിപോലീസ് മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബുമായി മുന്‍ ഡിജിപി എം എന്‍ കൃഷ്ണമൂര്‍ത്തി ഇടപെട്ടെന്നും ജോര്‍ജ് നല്‍കിയ കത്ത് വ്യക്തമാക്കുന്നു. ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യത്തിനു വേണ്ടിയാണെന്ന മുഖവുരയോടെയാണ് കൃഷ്ണമൂര്‍ത്തി സംസാരിച്ചതെന്നും ജോര്‍ജ് ആരോപിച്ചു.

കേസില്‍ ഡിജിപി ഇടപെട്ടതിന് തന്റെ കൈവശം തെളിവുണ്ടെന്ന് ഇന്നലെ യാണ് വാര്‍ത്താസമ്മേളനത്തില്‍ പി സി ജോര്‍ജ് വെളിപ്പെടുത്തിയത്. ജോര്‍ജിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും ഡിജിപിയില്‍ സര്‍ക്കാരിന് പൂര്‍ണവിശ്വാസമുണ്ടെന്നുമായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കു പി സി ജോര്‍ജ് കത്തു നല്‍കിയത്. ഇന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം കഴിയുന്ന മുറയ്ക്ക് ആഭ്യന്തരമന്ത്രിക്കും പി സി ജോര്‍ജ് കത്തു നല്‍കും. നിസാമിനെ രക്ഷിക്കാന്‍ മുന്‍ ഡിജിപി എംഎന്‍ കൃഷ്ണമൂര്‍ത്തി തൃശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിനെ ഫോണില്‍ വിളിച്ചതിന്റെ ശബ്ദരേഖയും മുഖ്യമന്ത്രിക്കു ജോര്‍ജ് കൈമാറി.