മുലയുള്ളവര്‍ക്കെന്താ മല ചവിട്ടിക്കൂടേ..?അഗസ്ത്യാര്‍കൂടത്തിലേക്ക് പ്രതിഷേധവുമായി സ്ത്രീകള്‍

അഗസ്ത്യാര്‍കൂടത്തിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ബോണക്കാട് ഒത്തുകൂടി. ഫോസ്ബുക്കിലൂടെ ‘മുലയുള്ളവര്‍ക്കെന്താ മല ചവിട്ടിയാല്‍’ എന്ന ഹാഷ്ടാഗ് ക്യാമ്പെയ്‌നിലൂടെയാണ് ഇവര്‍ ഒത്തു ചേര്‍ന്നത്.

ദേശീയ പതാക ഉയര്‍ത്തിക്കൊണ്ടാണ് ഇവര്‍ തങ്ങളുടെ പ്രതിഷേധ പ്രകടനം ആരംഭിച്ചത്. 8848 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കൊടുമുടി കീഴടക്കിയ സ്ത്രീക്ക് വെറും 1836 മീറ്റര്‍ ഉയരമുള്ള അഗസ്ത്യാര്‍കൂടം നിഷേധിക്കുന്നത് എങ്ങിനെ അംഗീകരിക്കാനാകുമെന്ന് ഇവര്‍ ചോദിച്ചു.

പ്രതിഷേധ പരിപാടിയിലേക്ക് സ്ത്രീകള്‍ക്ക് പുറമെ പുരുഷന്‍മാരെയും ട്രാന്‍സ്‌ജെന്റുകളെയും ഇവര്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ സുരക്ഷാകാരണങ്ങളും വന്യജീവികളുടെ സാന്നിധ്യവുമാണ് സ്ത്രീകളെ ഇതില്‍ വിലക്കാന്‍ കാരണമെന്നാണ് വനം വകുപ്പ് പറയുന്നത്. ബോണക്കാട് ചെക്ക് പോസ്റ്റിന് സമീപം വെച്ച് സമരക്കാരെ പോലീസ് തടഞ്ഞു.

അഗസ്ത്യകൂടത്തിലെ ട്രക്കിങ്ങില്‍ നിന്ന് സ്ത്രീകളെ വിലക്കുന്നതിനെതിരെ 2016 ല്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് അന്ന് പെണ്‍കൂട്ടായിമകള്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് സത്രീകള്‍ക്കുള്ള വിലക്ക് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ആ വര്‍ഷം ട്രക്കിങ്ങുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് പോകാന്‍ സാധിക്കാതെ വരികയായിരുന്നു.

തുടര്‍ന്ന് 2017 ല്‍ പിണറായി സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവിലും സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം എന്ന നിലപാടില്‍ വനം വകുപ്പ് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് 51 സ്ത്രീകള്‍ ഉള്‍പ്പെട്ട പട്ടിക തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ ട്രക്കിങ് ആരംഭിക്കുന്നതിന് മുമ്പേ ഹൈക്കോടതി ഇത് സ്‌റ്റേ ചെയ്തതോടെ യാത്രം മുടങ്ങുകയായിരുന്നു. കാണി വിഭാഗത്തില്‍പ്പെട്ട ആദിവാസി സ്ത്രീകളാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അന്ന് കോടതിയെ സമീപിച്ചത്.

2018 ല്‍ സര്‍ക്കാര്‍ പുറത്തിറങ്ങിയ ഉത്തരവിലും ഇപ്രകാരമായിരുന്നു സ്ത്രീകള്‍ക്കും 14 വയസ്സില്‍ താഴെയുള്ള കുട്ടികല്‍ക്കും ട്രക്കിങ്ങിനായി അപേക്ഷിക്കാന്‍പറ്റി എന്നായിരുന്നു. ഇതെതുടര്‍ന്നാണ് വീണ്ടും ശക്തമായപ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുന്നത്.

Related Articles