വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവെച്ചു

Jayantiദില്ലി : കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവെച്ചു. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് രാജിവെച്ചത്. കേന്ദ്ര മന്ത്രി ജയറാം രമേശ്,സച്ചിന്‍ പൈലറ്റ്, ഗുലാം നബി ആസാദ് എന്നിവരും വൈകാതെ രാജി വെക്കുമെന്നാണ് സൂചന. തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാ അംഗമായ ജയന്തി നടരാജന് ജനുവരിയില്‍ നടക്കുന്ന എഐസിസി സമ്മേളനത്തിന് മുന്നോടിയായി പാര്‍ട്ടിയിലെ നിര്‍ണ്ണാക സ്ഥാനം ലഭിച്ചേക്കും. പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്ക് സജീവമാകുന്നതിന്റെ മുന്നോടിയായാണ് ജയന്തി നടരാജന്‍ കേന്ദ്രമന്ത്രി സ്ഥാനം രാജി വെച്ചിരിക്കുന്നത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ചയായിെകാണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജയന്തി നടരാജന്റെ രാജി. രാജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്വീകരിച്ചു.

1986 ലാണ് ആദ്യമായി ജയന്തി നടരാജന്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1997 ല്‍ കല്‍ക്കരി, ദേശീയ വ്യോമയാന, പാര്‍ലമെന്ററി കാര്യം ചുമതലയുള്ള മന്ത്രിയായി പ്രവര്‍ത്തിച്ചു. പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗന്ധിയുടെ വിശ്വസ്തയായി പ്രവര്‍ത്തിച്ച ഇവര്‍ പിന്നീട് പാര്‍ട്ടി വക്തവായി പ്രവര്‍ത്തിച്ചു. 2011 ല്‍ ജയറാം രമേശ് രാജി വെച്ച് ഒഴിവിലാണ് ഇവര്‍ വനം പരിസ്ഥിതി മന്ത്രിയാവുന്നത്.