സിബിഎസ്ഇ പ്ളസ് ടു പരീക്ഷാ ഫലം നാളെ

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ളസ് ടു പരീക്ഷാ ഫലം ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. മോഡറേഷന്‍ സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയുടെ വിധി അനുസരിച്ചുള്ള ഫലപ്രഖ്യാപനമായിരിക്കും നടക്കുകയെന്നാണ് സിബിഎസ്ഇ ബോര്‍ഡില്‍ നിന്നുള്ള വിവരം. ശനിയാഴ്ച പ്രഖ്യാപിച്ചില്ലെങ്കില്‍ ഞായറാഴ്ച ഫലപ്രഖ്യാപനം ഉണ്ടാകും.

മോഡറേഷനുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ഫലപ്രഖ്യാപനം വൈകുമെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ മോഡറേഷന്‍ റദ്ദാക്കുന്ന തീരുമാനം പരീക്ഷ കഴിഞ്ഞാണ് വന്നതെന്ന കാരണം ചൂണ്ടിക്കാട്ടി ഇക്കൊല്ലം അത് നടപ്പിലാക്കുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെതിരെ അപ്പീല്‍ പോകേണ്ടതില്ല എന്നാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പരീക്ഷാ ഫലം കൃത്യസമയത്തുതന്നെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഫലപ്രഖ്യാപനം വൈകുന്നത് വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തെ ബാധിച്ചേക്കും.