എന്‍ഡിടിവി മേധാവി പ്രണോയ് റോയിയുടെ വീട്ടില്‍ റെയ്ഡ്

ദില്ലി: എന്‍ഡിടിവി സഹസ്ഥാപകനും എക്‌സിക്യുട്ടീവ് ചെയര്‍പേഴ്‌സണുമായ പ്രണോയ് റോയിയുടെ ദില്ലിയിലെ വീട്ടില്‍ സിബിഐ റെയ്ഡ്. ദില്ലി ഗ്രേറ്റ് കൈലാഷിലെ അദേഹത്തിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്.

48 കോടി രൂപ ഐസിഐസി ബാങ്കിന് നഷ്ടം വരുത്തി എന്ന കേസിലാണ് സിബിഐ റെയ്ഡ്. റെയ്ഡിനെ തുടര്‍ന്ന് പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസറ്റര്‍ ചെയ്തു.

ഐസിഐസിഐ ബാങ്കില്‍ നിന്നും എടുത്ത ലോണ്‍ തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് സിബിഐ റെയ്ഡ്. ദില്ലിയിലും ഡെറാഡൂണിലുമായി നാലിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.

ബാങ്കില്‍ നിന്നും എടുത്ത ലോണ്‍ എടുത്ത ആവശ്യത്തിനല്ല ഉപയോഗിച്ചതെന്നും അടവ് മുടക്കിയതോടെ ബാങ്കിന് ലക്ഷകണക്കിന് രൂപ നഷ്ടം വരുത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ സമാനമായ പരാതി സിബിഐക്കും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ റെയ്ഡ് നടത്തിയത്.

ഐസിഐസി ബാങ്കില്‍ നിന്നും എടുത്ത തുക ഭാര്യ രാധികറോയിയുടെ പേരില്‍ മാറ്റി എന്ന കേസില്‍ പ്രണോയ് റോയ്ക്കും എന്‍ഡിടിവിക്കുമെതിരെ ദില്ലി ഹൈക്കോടതിയില്‍ കേസ് നിലനിന്നിരുന്നു.