ബലാത്സംഗം തടയാനാവുന്നില്ലെങ്കില്‍ അത് ആസ്വാദിക്കുക;സിബിഐ ഡയറക്ടറുടെ പരാമര്‍ശം വിവാദത്തില്‍

RANJITH-SINHAദില്ലി : ബലാത്സംഗം തടയാനാവുന്നില്ലെങ്കില്‍ അത് ആസ്വാദിക്കുക എന്ന സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയുടെ പാരമര്‍ശം വിവാദത്തില്‍. രാജ്യത്തെ കായിക മേഖലയിലെ വാതുവെപ്പ് തടയാന്‍ സാധ്യമാകുന്നില്ല എങ്കില്‍ അത് നിയമപരമാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വെക്കവെയാണ് സിബിഐ ഡയറക്ടറുടെ ഈ വിവാദ ബലാത്സംഗ പരാമര്‍ശം.

രാജ്യത്തെ വാതുവെപ്പ് നിരോധിക്കാന്‍ സാധിക്കുന്നില്ലെന്ന് പറയുന്നത് ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ അത് ആസ്വാദിക്കൂ എന്ന് പറയുന്നത് പോലെയായിരുന്നു രഞ്ജിതത് സിന്‍ഹയുടെ പരാമര്‍ശം. വാതുവെപ്പ് നിരോധിക്കുക എന്നത് പ്രയാസമേറിയ കാര്യമാണെന്നും അതില്‍ കാര്യമില്ലെന്ന് സ്ഥാപിക്കാനായിരുന്നു സിന്‍ഹ ഇങ്ങനെ പ്രതികരിച്ചത്. കായികരംഗത്തെ ധാര്‍മികതയും സത്യസന്ധയും എന്ന വിഷയത്തില്‍ സിബിഐ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതേ സമയം സിന്‍ഹയുടെ പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മഷന്‍ വിശദീകരണം തേടി. സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ രഞ്ജിത്ത് സിന്‍ഹക്കെതിരെ നടപടിയെടുക്കണമെന്നും സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും സിപിഐഎം നേതാവ് വൃന്ദാ കാരാട്ട് പറഞ്ഞു. രഞ്ജിത്ത് സിന്‍ഹയുടെ പരാമര്‍ശം ഞെട്ടിക്കുന്നതാണെന്ന് ബിജെപി വക്താവ് സീതാ രാമന്‍ പ്രതികരിച്ചു. സിന്‍ഹയുടെ പരാമര്‍ശം അവിശ്വസനീയമാണെന്നാണ് പ്രശസ്ത എഴുത്തുകാരിയായ തസ്ലീമാ നസ്രീന്‍ ട്വുറ്ററിലൂടെ പ്രതികരിച്ചത്.