കാബേജും, കോളിഫ്‌ളവറും കേരളത്തിലും കൃഷി ചെയ്യാം

cabage1കേരളത്തില്‍ ഒക്‌ടോബര്‍ മുതല്‍ ജനുവരി വരെയുള്ള തണുപ്പുള്ള മാസങ്ങളില്‍ കൃഷി ചെയ്യുവാന്‍ കഴിയുന്ന പച്ചക്കറികളാണ് കാബേജും കോളിഫ്‌ളവറും. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങള്‍ വികസിപ്പിച്ചെടുത്തതുമൂലം ഈ വിളവുകളുടെ കൃഷി സമതല പ്രദേശങ്ങളില്‍ സാധ്യമാണ്.

കാബേജും കോളിഫ്‌ളവറും കൃഷി ചെയ്യുന്നതിന് കാലാവസ്ഥയും സമയവും വളരെ പ്രധാനപ്പെട്ടതാണ്. കാബേജില്‍ അഗ്രഭാഗത്ത് ഇലകള്‍ കൂടിച്ചേര്‍ന്നു ഗോളാകൃതിയിലുണ്ടാവുന്ന ‘ഹെഡ്ഡാണ്’ പച്ചക്കറിയായി ഉപയോഗിക്കുന്നത്. കോളിഫ്‌ളവറിന്റെ ഭക്ഷിക്കാന്‍ യോഗ്യമായ ഭാഗത്തിന് കര്‍ഡ് എന്നാണ് പറയുക. ഇവ രണ്ടും രൂപപ്പെടുന്ന സമയത്തെ താപനില ഏറ്റവും കുറഞ്ഞിരിക്കണം. അതുകൊണ്ട് ഒക്‌ടോബര്‍ മാസം തന്നെ നടുന്നതാണ് കൂടുതല്‍ വിളവിന് നല്ലത്. ഏറ്റവും വൈകിയാല്‍ ഡിസംബര്‍ ആദ്യവാരത്തിന് മുമ്പ് തൈകള്‍ നടണം. ഇതിനു ശേഷം നടുന്ന തൈകളില്‍ നിന്ന് വിളവ് ലഭിക്കാന്‍ സാധ്യത കുറവാണ്.

cabage2കാബേജും കോളിഫ്‌ളവറും വിത്തിട്ട് മുളപ്പിച്ച തൈകളാണ് നടുവാന്‍ ഉപയോഗിക്കുന്നത്. വിത്ത് പാകുന്നതിനായി ഒന്നര ഇഞ്ച് ആഴത്തിലുള്ള 98 കുഴികളുള്ള പ്രോട്രേ ഉപയോഗിക്കാം. ഈ ട്രേയിലേക്ക് ചകിരി കമ്പോസ്റ്റ്, വെര്‍മികുലൈറ്റ്, പെര്‍ലൈറ്റ് എന്നിവ 3:1:1 എന്ന അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത മിശ്രിതം നിറച്ച് ഓരോ വിത്തു വീതം ഓരോ കുഴിയില്‍ പാവുക. ഇതിനു പകരം ചെറിയ തവാരണകളിലും വിത്തുകള്‍ മുളപ്പിച്ചെടുക്കാം. നട്ട് 25 ദിവസം കൊണ്ട് തൈകള്‍ പറിച്ച് നടാന്‍ പാകമാകും.

കാബേജിന്റെയും കോളിഫ്‌ളവറിന്റെയും വിത്തുകള്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. അതുകൊണ്ടു തന്നെ പുറത്തു നിന്നു വിത്തുകള്‍ വാങ്ങണം. cabbagerowsഇങ്ങനെ വാങ്ങുമ്പോള്‍ കാബേജിന്റെ കേരളത്തിന് അനുയോജ്യമായ എന്‍ . എസ്. – 160, എന്‍.എസ്. – 183, എന്‍ . എസ്. – 43 എന്നീ ഇനങ്ങളും പുസ മേഘ്‌ന, എന്‍ . എസ്. – 60, എന്‍ . എസ്. – 245 തുടങ്ങിയ കോളിഫ്‌ളവര്‍ ഇനങ്ങളും വാങ്ങാന്‍ പ്രതേ്യകം ശ്രദ്ധിക്കണം.

കൃഷിക്ക് നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയും ഉള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കണം. ഒരു സെന്റിന് 100 കിലോ എന്ന തോതില്‍ ജൈവവളം ചേര്‍ക്കണം. ഒരടി വീതിയും ഒരടി ഉയരവുമുള്ള ബണ്ടുകള്‍ രണ്ടടി അകലത്തില്‍ എടുക്കണം. ഇതില്‍ 45 സെമി അകലത്തില്‍ തൈകള്‍ നടണം. ഒരു സെന്റിന് നടുന്നതിനായി 148 തൈകള്‍ വേണം. ഇങ്ങനെ നട്ട തൈകളുടെ ഇലകള്‍ മണ്ണില്‍ മുട്ടാതിരിക്കുവാന്‍ ശ്രദ്ധിക്കണം.

ഇതിനു പകരം സിമന്റ് ചാക്കുകളിലും പോളിത്തീന്‍ കവറുകളിലും തൈകള്‍ നടാവുന്നതാണ്. അങ്ങിനെ നടുമ്പോള്‍ ചാണകം, മേല്‍മണ്ണ്, മണല്‍ എന്നിവ 1: 1: 1 എന്ന അനുപാതത്തില്‍ കവറുകളില്‍ നിറയ്ക്കണം.

coliനട്ട് പത്ത് ദിവസം പ്രായമാകുമ്പോള്‍ ആദ്യത്തെ വളപ്രയോഗം ചെയ്യാം ഒരു സെന്റിന് 1.2 കിലോഗ്രാം യൂറിയ, 2 കിലോഗ്രാം രാജ്‌ഫോസ് /മസ്സുരിഫോസ്, 800 ഗ്രാം പൊട്ടാഷ് എന്ന തോതില്‍ കലര്‍ത്തി, ചെടിയൊന്നിനു 15 മുതല്‍ 20 ഗ്രാം വീതം ചേര്‍ത്തു കൊടുക്കണം. വളപ്രയോഗത്തിന് മുമ്പ് കളകള്‍ പറിച്ച് കളയണം. വളപ്രയോഗം മൂന്നാമന്നേയും അഞ്ചാമത്തേയും ആഴ്ചകളില്‍ ആവര്‍ത്തിക്കുകയും വേണം.

വള പ്രയോഗം ചെയ്യുമ്പോള്‍ ചെടിയുടെ കടക്കല്‍ നിന്നും കുറച്ച് വിട്ട് വളം ചെയ്യാന്‍ ശ്രമിക്കുക.

മൂന്നാമത്തെ ആഴ്ച മണ്ണിര കമ്പോസ്റ്റ്, കടലപിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങള്‍ ചെടിയൊന്നിനു 25 ഗ്രാം വീതം ചേര്‍ത്ത് മണ്ണ് കയറ്റികൊടുക്കണം. പുളിപ്പിച്ച ജൈവവളങ്ങള്‍ നേര്‍പ്പിച്ച് തളിച്ചു കൊടുക്കുന്നതും നല്ലതാണ്.

imagesനട്ട തൈകള്‍ വാടിപോകാതിരിക്കാന്‍ തണല്‍ കൊടുക്കുന്നത് നല്ലതാണ്. ഇങ്ങനെ കൊടുക്കുന്ന തണല്‍ ഇലകള്‍ വലുതായതിന് ശേഷം മാത്രം നീക്കം ചെയ്യുക. അതുപോലെ തന്നെ ജലസേചനം മുടങ്ങാതെ എല്ലാ ദിവസവും കൊടുക്കണം. ഏതെങ്കിലും കാരണത്താല്‍ കാബേജിന്റെ വളരുന്ന തല നഷ്ടപ്പെട്ടാല്‍ വശങ്ങളില്‍ നിന്നും ധാരാളം ചെറിയ തലകള്‍ പൊട്ടി വരുന്നതായി കാണാം. ഇങ്ങനെയുള്ള തലകളെ വളരാന്‍ അനുവദിച്ചാല്‍ വില്പനയോഗ്യമായ കാബേജ് കിട്ടില്ല. അതുകൊണ്ട് ചെറു തലകളില്‍ ഏറ്റവും വലിയ ഒന്നു മാത്രം വളരാന്‍ അനുവദിക്കുക. ബാക്കിയുള്ള എല്ലാം മുറിച്ചു മാറ്റുക.

കോളിഫ്‌ളവര്‍ നട്ട് ഒന്നര മാസം കഴിയുമ്പോള്‍ കര്‍ഡുകള്‍ രൂപപ്പെട്ട് തുടങ്ങും. ഇങ്ങനെയുണ്ടാകുന്ന കര്‍ഡുകളുടെ നിറം സൂര്യപ്രകാശത്തില്‍ നഷ്ടമാകും. ഇതൊഴിവാക്കാന്‍ കര്‍ഡുകള്‍ അതേ ചെടിയുടെ ഇല കൊണ്ടു തന്നെ പൊതിഞ്ഞു കൊടുക്കണം. കര്‍ഡുകള്‍ 10 ദിവസം മുതല്‍ 12 ദിവസത്തിനുള്ളില്‍ മൂപ്പെത്തും.

കാബേജിന് ഹെഡുകള്‍ ഉണ്ടാകുന്നതിനു 55 മുതല്‍ 60 ദിവസം വരെ വേണ്ടി വരും. ഹെഡ്ഡുകള്‍ 10 മുതല്‍ 12 ദിവസത്തിനുള്ളില്‍ മൂപ്പെത്തും. ഒരു ചെടിയില്‍ നിന്നും മുക്കാല്‍ കിലോ മുതല്‍ ഒരു കിലോ വരെ തൂക്കമുള്ള ഹെഡുകള്‍ ലഭിക്കും.

images (1)ഇലകളും, ഹെഡും, കര്‍ഡും തിന്നു നശിപ്പിക്കുന്ന പുഴുക്കളെ നിയന്ത്രിക്കുവാന്‍ വേപ്പെണ്ണ അടിസ്ഥാനമായ കീടനാശിനികള്‍ പത്ത് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. കെ.വി.കെ യില്‍ ലഭ്യമായിട്ടുള്ള നീം സോപ്പ് എന്ന ജൈവ കീടനാശിനി 10 ഗ്രാം (1 സ്പൂണ്‍ ) ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 4 ദിവസം ഇടവിട്ട് സ്‌പ്രേ ചെയ്ത് കൊടുക്കുക. ഇതിനുപകരം മാലത്തിയോണ്‍ 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാവുന്നതാണ്.

വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നവര്‍ക്ക് പുഴുശല്ല്യം നിയന്ത്രിക്കാന്‍ ക്ലോറാന്‍ട്രാനിലിപ്രോള്‍ (കൊറാജന്‍) എന്ന കീടനാശിനി 3 മില്ലി 10 ലിറ്റര്‍ വെള്ളത്തിലേക്ക് എന്ന തോതില്‍ തളിച്ചുകൊടുക്കാവുന്നതാണ്.

കോളിഫ്‌ളവര്‍ കര്‍ഡിനെ ബാധിക്കുന്ന അഴുകല്‍ രോഗത്തിനെതിരെ സ്യുഡോമോണസ് ഇരുപത് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി കര്‍ഡ് രൂപപ്പെടുന്ന സമയം മുതല്‍ തളിക്കുക.