ജാതി മാത്രമല്ല സംവരണത്തിന് അടിസ്ഥാനം: സുപ്രീം കോടതി

Supreme_Courtന്യൂ ഡല്‍ഹി: ജാതി മാത്രമല്ല സംവരണത്തിന് അടിസ്ഥാനമെന്ന്, ജാട്ട് സമുദായത്തിനും ജാതി സംവരണം അനുവദിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കികൊണ്ട് സുപ്രീം കോടതി പറഞ്ഞു.

അര്‍ഹതയില്ലാത്തവര്‍ക്ക് സംവരണം നല്‍കുന്നത് നീതിനിഷേധമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മുന്‍ യു പി എ സര്‍ക്കാര്‍ ജാട്ട് സമുദായത്തിന് കൂടി സംവരണം ഏര്‍പ്പെടുത്തിയത്.

ഒബിസി ലിസ്റ്റില്‍ മുമ്പ് തെറ്റായി സമുദായങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ആ തെറ്റ് ആവര്‍ത്തിക്കുന്നതിനുള്ള ന്യായീകരണമല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. രാഷ്ട്രീയാടിസ്ഥാനത്തില്‍ ധ്രുവീകരിക്കപ്പെട്ട ജാട്ട് പോലുള്ളസമുദായങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് മറ്റു ഒബിസി സമുദായങ്ങള്‍ക്ക് എതിരായ നടപടിയാകുമെന്നും കോടതി നിരീക്ഷിച്ചു.

ജാട്ട് പിന്നാക്കസമുദായമല്ലെന്ന ഒബിസി പാനലിന്റെ കണ്ടെത്തലുകളെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനം തെറ്റാണെന്നും സുപ്രീം കോടതി പറഞ്ഞു. ഹരിയാണ, ഡല്‍ഹി, പടിഞ്ഞാറന്‍ യുപി ഭാഗങ്ങള്‍, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങില്‍ ശക്തമായ സ്വാധീനമുള്ള വിഭാഗമാണ് ജാട്ട്. ഇവരെ ഒബിസിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ നേരത്തെ തള്ളിയതാണ്.