മദ്യലഹരിയില്‍ കടയുടമയെ തല്ലിയ ഭീമന്‍ രഘുവിനെതിരെ കേസെടുത്തു

Story dated:Monday February 8th, 2016,01 17:pm

bheeman-raghu-1തിരുവനന്തപുരം: കടയുടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ നടന്‍ ഭീമന്‍ രഘുവിനെതിരെ പോലീസ്‌ കേസെടുത്തു. വട്ടിയൂര്‍ക്കാവ്‌ പൈപ്പ്‌ ലൈന്‍ റോഡില്‍ ശ്രീലക്ഷ്‌മി സ്‌റ്റോര്‍ ഉടമ ശ്രീജേഷിന്റെ പരാതിയിലാണ്‌ പോലീസ്‌ കേസെടുത്തത്‌. ഭീന്‍ രഘുവും സുഹൃത്ത്‌ വിഷ്‌ണുവും ചേര്‍ന്ന്‌ മര്‍ദ്ദിക്കുകയായിരുന്നെനാണ്‌ പരാതി.

ഞായറാഴ്‌ച വൈകീട്ടാണ്‌ സംഭവമുണ്ടായത്‌. കടയുടെ മുന്നില്‍ കാര്‍ നിര്‍ത്തി ഭീമന്‍ രഘുവും സുഹൃത്ത്‌ വിഷ്‌ണുവും ശ്രീജേഷിനോട്‌ ഐസ്‌ക്രീം ആവശ്യപ്പെടുകയായിരുന്നു. ശ്രീജേഷ്‌ കാറിനരികിലെത്തി താരത്തിന്‌ ഐസ്‌ക്രീം നല്‍കി. എന്നാല്‍ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ കാറില്‍ കൊണ്ടുകൊടുക്കാന്‍ ബുദ്ധിമുട്ടാണെന്ന്‌ ശ്രീജേഷ്‌ പറഞ്ഞു. ഇതെ തുടര്‍ന്ന്‌ കാറില്‍ നിന്ന്‌ ദേഷ്യപ്പെട്ട്‌ ഇറങ്ങിയ ഭീമന്‍ രഘുവും സുഹൃത്തും ശ്രീജേഷിനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഈ സമയം ഭീമന്‍ രഘു മദ്യപിച്ചിരുന്നതായി പോലീസ്‌ പറഞ്ഞു.

സംഭവത്തില്‍ മര്‍ദ്ദന മേറ്റ ശ്രീജേഷ്‌ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കേസ്‌ അന്വേഷിച്ച്‌ വരികയാണെന്ന്‌ വട്ടിയൂര്‍ പോലീസ്‌ പറഞ്ഞു.