കാര്‍ട്ടൂണിസ്‌റ്റ്‌ ടോംസ്‌ അന്തരിച്ചു

Story dated:Thursday April 28th, 2016,10 11:am

tomsകോട്ടയം: പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ടോംസ് (86 )അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ബോബനും മോളിയും എന്ന നര്‍മ്മകാര്‍ട്ടൂണിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ടോംസിന്റെ യഥാര്‍ത്ഥ നാമം വിടി തോമസ് എ ന്നായിരുന്നു. ബോബനും മോളിയിലൂടെ മലയാളി മനസ്സില്‍ ജനപ്രിയനായ കലാകാരന്‍ ആക്ഷേപഹാസ്യത്തിന്റെ വേറിട്ട ശൈലിയാണ് സ്വന്തം വായനക്കാര്‍ക്ക് സമ്മാനിച്ചത്.

കോട്ടയത്തെ ദീപികയില്‍ വരച്ചാണ് ടോംസ് കാര്‍ട്ടൂണ്‍ ജീവിതത്തിന് തുടക്കമിട്ടത്. ബിരുദധാരണത്തിനുശേഷം മലയാള മനോരമയില്‍ 1961ല്‍ കാര്‍ട്ടൂണിസ്റ്റായി ജോലി തുടങ്ങി. 1987ല്‍ വിരമിച്ചു. തുടര്‍ന്ന് സ്വന്തം ഉടമസ്ഥതയില്‍ ടോംസ് പബ്ലിക്കേഷന്‍സ് ആരംഭിച്ചു. 30 വയസ്സിലാണ് ബോബനെയും മോളിയേയും കണ്ടത്തെുന്നത്. അവര്‍ അയല്‍പക്കത്തെ കുട്ടികളായിരുന്നു. ഈ കുട്ടികള്‍ അവരുടെ ചിത്രം വരച്ചുതരാന്‍ ചോദിച്ചതായിരുന്നു പ്രചോദനം.

1929ല്‍ കുട്ടനാട്ടില്‍ ജനിച്ച ടോംസ് മലയാള മനോരമ, കലാകൗമുദി എന്നീ പത്രങ്ങളിലും ജോലി നോക്കിയിട്ടുണ്ട്. മലയാളികല്‍ ഒരിക്കലും മറക്കാത്ത ഉണ്ണിക്കുട്ടന്‍, അപ്പി ഹിപ്പി, മണ്ടൂസ്, കേസില്ല വക്കീലായ അച്ഛന്‍ പോത്തന്‍, അമ്മ മറിയാമ്മ, ചേടത്തി. ഇട്ടുണ്ണന്‍ ചേടത്തി തുടങ്ങിയവരാണ് ടോംസിന്റെ മറ്റു കഥാപാത്രങ്ങള്‍.

സംസ്‌ക്കാരം ഞായറാഴ്‌ച കോട്ടയം ലൂര്‍ദ് ഫൊറാന പള്ളിയില്‍ നടക്കും.