കാര്‍ ഇടിച്ചു പരുക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

തേഞ്ഞിപ്പലം : ദേശീയപാത കാക്കഞ്ചേരിക്ക് സമീപം  പൈങ്ങോട്ടൂരിൽ  കാര്‍ ഇടിച്ചു പരുക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. പൈങ്ങോട്ടൂര്‍ മാട് മുള്ളന്‍ മടക്കല്‍ വീട്ടില്‍ നാടകശ്ശേരി മുസ്തഫയുടെ മകള്‍ ഫഹ്മിത ഹന്ന (10) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴരയോടെ മദ്‌റസയിലേക്ക് പിതാവിനൊപ്പം പോകവേ ദേശീയപാതയിലൂടെ അമിത വേഗതയില്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍  പിതാവിനേയും മകളേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫഹ്മിത ഹന്ന അര്‍ദ്ധരാത്രിയോടെ മരണപ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഫാത്തിമ ഹന്ന കാറിന്റെ ബോണറ്റിലേക്കും മെയിന്‍ ഗ്ലാസിലേക്കുമായി തലയിടിച്ച് വീഴുകയായിരുന്നു.
വീഴ്ചയില്‍ കാറിന്റെ ബോണറ്റും ഗ്ലാസും തകരുകയും ചെയ്തു. പള്ളിക്കല്‍ കോഴിപ്പുറം നജാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നാലാം ക്ലാസിലും കോഴിപ്പുറം എ.എം.യു പി സ്‌കൂളില്‍ അഞ്ചാം ക്ലാസിലുമാണ് ഫഹ്മിത ഹന്ന പഠിക്കുന്നത്. മാതാവ്; സഫിയ. സഹോദരങ്ങള്‍: ആയിഷ ശറഫിയ്യ, ഫാത്തിമ സ്വഫ് വാന,  ഫാഹിമ ശഹ്‌നാസ്, സഹ്‌ല റസ്‌വ.