Section

malabari-logo-mobile

ക്യാന്‍സര്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ശക്തമാക്കണം: ആരോഗ്യ വകുപ്പ് മന്ത്രി

HIGHLIGHTS : ക്യാന്‍സര്‍ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്...

ക്യാന്‍സര്‍ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ലോക ക്യാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ആരംഭിക്കുന്ന പാലിയേറ്റീവ് കീമോതെറാപ്പി യൂണിറ്റിന്റെ സംസ്ഥാനതല പ്രവര്‍ത്തന ഉദ്ഘാടനം നിലമ്പൂര്‍ പീവീസ് ആര്‍ക്കേഡില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആര്‍ദ്രം മിഷനിലൂടെ സാന്ത്വന പരിചരണം രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ കൂടുതല്‍ ജനങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. എല്ലാ ജില്ലാ ആശുപത്രികളിലും ഇതിനായി പാലിയേറ്റീവ് കീമോതെറാപ്പി വാര്‍ഡ് സജ്ജമാക്കുമെന്നും ചികിത്സക്കായി പ്രത്യേക ട്രീറ്റ്മെന്റ് പ്രോട്ടോ കോളിന് രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഈ പദ്ധതിക്കായി സംസ്ഥാന ബജറ്റില്‍ പ്രത്യേകം ഫണ്ട് വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന് 200 കോടി രൂപയും മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 179 കോടി രൂപയും നല്‍കി. ഈ വര്‍ഷം ബജറ്റില്‍ ആര്‍.സി.സി.ക്ക് 25 കോടിയും എം.സി.സി.ക്ക് 38 കോടിയും കൊച്ചിയിലെ ക്യാന്‍സര്‍ സെന്ററിന് 310 കോടി രൂപയും വകയിരുത്തിയിരുന്നു. കൊച്ചിയില്‍ ക്യാന്‍സര്‍ ഒ.പി. ആരംഭിക്കുകയും ചെയ്തു. കൂടാതെ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഓങ്കോളജി വിഭാഗം വിപുലീകരിക്കുതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെും മന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആരോഗ്യരംഗം കാര്യക്ഷമമാക്കുതിന്റെ ഭാഗമായി 4200 ലധികം തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. 170 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ വൈകിട്ട് 6 മണി വരെ സേവനം ലഭ്യമാകുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. അടുത്ത വര്‍ഷം ജനങ്ങളിലേക്ക് ആരോഗ്യ സേവനം മെച്ചപ്പെട്ട രീതിയില്‍ ലഭ്യമാക്കുന്നതിനായി 500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെക്കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ആര്‍ദ്രം മിഷനിലൂടെ ലഭ്യമാക്കുന്ന പാലിയേറ്റീവ് കീമോതെറാപ്പി യൂണിറ്റിന്റെ പദ്ധതിക്ക് ‘അഭയം’ എന്ന നാമകരണം നല്‍കിക്കൊണ്ട് ലോഗോ പ്രകാശനം ചെയ്തു.
പി.വി. അന്‍വര്‍ എം.എല്‍എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത ക്യാന്‍സര്‍ ദിന സന്ദേശം നല്‍കി. സംസ്ഥാന എന്‍.സി.ഡി. നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ കെ ഗോപാല്‍ ക്യാന്‍സര്‍ ദിനാചരണ സന്ദേശമായ We Can, I Can (നമുക്കാകാം…എനിക്കാകാം….) എന്ന വിഷയാവതരണവും നിര്‍വ്വഹിച്ചു. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാര്‍, വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. സുകു, മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ്, രാധാമണി ടീച്ചര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, ആരോഗ്യ കേരളം ഡി.പി.എം. ഡോ. ശിബുലാല്‍, ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മര്‍, പാലിയേറ്റീവ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ഇസ്മയില്‍, ഡെപ്യൂട്ടി സ്റ്റേറ്റ് മാസ് മീഡിയ ഓഫീസര്‍ അനില്‍കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ.വി. പ്രകാശ്, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ ടി.എം. ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!