വിദൂരവിദ്യാഭ്യാസ കലാമേളയുടെ ആദ്യ കിരീടം തൃശൂരിന്

DSC_0693തേഞ്ഞിപ്പലം : കാലികറ്റ് യൂണിവേഴ്‌സിറ്റി വിദൂരവിദ്യാഭ്യാസ കലാമേളയുടെ ആദ്യ കിരീടം തൃശൂരിന്. തൃശൂര്‍ ചാമ്പ്യന്‍ പട്ടം അണിഞ്ഞത് 183 പോയിന്റ് നേടിയാണ്. 166 പോയിന്റോടെ തൃശൂരിന് കടുത്ത വെല്ലുവിളിയുയര്‍ത്തി. രണ്ടാം സ്ഥാനം നേടിയ മലപ്പുറത്തിന് സ്റ്റേജിതര ഇനങ്ങളില്‍ കിരീടം സ്വന്തമാക്കാനായി. സാഹിത്യ പ്രതിഭാ പട്ടവും മലപ്പുറം കൈപ്പിടിയിലൊതുക്കി.

132 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനവും 53 പോയിന്റോടെ പാലക്കാട് നാലാം സ്ഥാനവും നേടി. കണ്ണൂരിന് 40 ഉം വയനാടിന് 16 ഉം പോയിന്റ് ലഭിച്ചു.

കലാപ്രതിഭയായി വടകര ശ്രീസാഗര്‍ കോളേജിലെ പി എം നിധിനും തിലകമായി പാലക്കാട് പാലപ്പുറം ലക്ഷ്മീനാരായണ കോളേജിലെ അശ്വതി ജി നായരു തെരഞ്ഞെടുക്കപ്പെട്ടു.

ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, തിരുവാതിരക്കളി, നാടോടിനൃത്തം എന്നിവ രണ്ടാം ദിനം വേദികളെ ഉണര്‍ത്തി. നാടന്‍പാട്ടുമല്‍സരം പഴയ പണക്കളത്തിലെ പാട്ടുകള്‍കൊണ്ട് ശ്രദ്ധേയമായി. വാദേ്യാപകരണങ്ങളായ ചെണ്ട, ഒറ്റ, തുടി, പടച്ചിലമ്പ്, കോല് എന്നീ ഉപകരണങ്ങളാല്‍ സമ്പന്നമായിരുന്നു നാടന്‍പാട്ട്. പാട്ടുകള്‍ക്ക് പകിട്ടേകിയ തെയ്യങ്ങളുടെ വരവും ദൃശ്യവിരുന്നൊരുക്കി. കേരളത്തനിമയുടെ നൃത്തരൂപമായ മോഹിനിയാട്ടം നല്ല നിലവാരം പുലര്‍ത്തിയതായി വിധി കര്‍ത്താക്കള്‍ സാക്ഷ്യപ്പെടുത്തി. ഭരതനാട്യം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തത്. എടപ്പാള്‍ പിജി അക്കാദമിയിലെ ഭവിത്തായിരുന്നു ഏക മല്‍സരാര്‍ത്ഥി. ബി ഗ്രേഡോടെ ഒന്നാം സ്ഥാനവും ഭവിത്തിന് വിധികര്‍ത്താക്കള്‍ നല്‍കി.

വിജയികള്‍ക്ക് പ്രോ വൈസ് ചാന്‍സലര്‍ കെ രവീന്ദ്രനാഥ് ട്രോഫി സമ്മാനിച്ചു. നിറഞ്ഞ വേദിയിലായിരുന്നു അവസാന ഇനമായ കുച്ചുപ്പുടി അരങ്ങേറിയത്. കാണികള്‍ക്കാവേശമായി സിനിമാ താരം സുധീഷും ഇതിനിടയില്‍ വേദിയിലെത്തി.