യൂണിവേഴ്‌സ്റ്റി യൂണിയന്‍ ചുമതലയേറ്റു

calicut universityകാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി യൂണിയന്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേറ്റു. സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ വൈസ്‌ ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാട്‌ സത്യവാചകം ചൊല്ലിക്കൊടുത്തു.
സമൂഹത്തോട്‌ തികഞ്ഞ പ്രതിബദ്ധത പുലര്‍ത്തി പരമാവധി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന്‌ വൈസ്‌ ചാന്‍സലര്‍ യൂണിയന്‍ ഭാരവാഹികളോട്‌ നിര്‍ദ്ദേശിച്ചു. സര്‍വകലാശാലക്ക്‌ കീഴിലെ അഞ്ച്‌ ജില്ലകളിലെ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രയോജനപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള അവസരമാണ്‌ കൈവന്നിരിക്കുന്നത്‌. യൂണിയന്‍ ഫണ്ട്‌ ചിലവഴിച്ചു തീര്‍ക്കലും കണക്കു സമര്‍പ്പിക്കലും എന്നതിലുപരി ഭാവനാപൂര്‍ണ്ണമായ ആസൂത്രണത്തിലൂടെ പുതുമയുള്ള പരിപാടികള്‍ ആവിഷ്‌കരിക്കണം. ചിലവില്‍ കണിശത പുലര്‍ത്തണമെന്നും കുറഞ്ഞ ചിലവില്‍ കൂടുതല്‍ പ്രവര്‍ത്തികള്‍ നടത്താന്‍ ശ്രദ്ധിക്കണമെന്നും ഡോ.ഖാദര്‍ മാങ്ങാട്‌ നിര്‍ദ്ദേശിച്ചു.
സമൂഹത്തിന്‌ ഉപദ്രവമാകുന്ന വിധത്തിലുള്ള അനാവശ്യ സമരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഒഴിവാക്കേണ്ടതുണ്ടെന്നും വൈസ്‌ ചാന്‍സലര്‍ ചൂണ്ടിക്കാട്ടി. രജിസ്‌ട്രാര്‍ ഡോ.ടി.എ.അബ്‌ദുല്‍ മജീദ്‌, സിന്റിക്കേറ്റ്‌ അംഗങ്ങള്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. ഡോ.വി.പി.അബ്‌ദുല്‍ ഹമീദ്‌, അഡ്വ.പി.എം.നിയാസ്‌, യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ വി.എ ആഷിഫ്‌, സെക്രട്ടറി മുഹമ്മദ്‌ ഫവാസ്‌ എന്നിവര്‍ സംസാരിച്ചു.