സര്‍വകലാശാലാ സ്റ്റേഡിയം അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്ക്‌ സജ്ജമാക്കും: വൈസ്‌ ചാന്‍സലര്‍

calicut universityകാലിക്കറ്റ്‌ സര്‍വകലാശാലയിലെ സി.എച്ച്‌.മുഹമ്മദ്‌ കോയ സ്റ്റേഡിയം അന്താരാഷ്‌ട്ര കായിക മത്സരങ്ങള്‍ക്ക്‌ സജ്ജമാക്കുമെന്ന്‌ വൈസ്‌ ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ്‌ ബഷീര്‍ അറിയിച്ചു. അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പോര്‍ട്‌സ്‌ പവലിയന്‍, സിന്തറ്റിക്‌ ട്രാക്കിന്‌ ചുറ്റും ഫ്‌ളഡ്‌ ലൈറ്റ്‌, സിന്തറ്റിക്‌ വാമിംഗ്‌അപ്‌ ഏരിയ തുടങ്ങിയ നവീന സംവിധാനങ്ങള്‍ക്കായി എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കുന്നതിന്‌ പ്രാഥമിക നടപടികള്‍ തുടങ്ങി കഴിഞ്ഞു. ഗാലറി നവീകരണം, സ്‌പോര്‍ടസ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസ്‌, സ്റ്റോര്‍ റൂം നിര്‍മ്മാണം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
വിദഗ്‌ധ സമിതി അംഗങ്ങളായ കേരള സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ അഞ്‌ജു ബോബി ജോര്‍ജ്ജ്‌, അത്‌ലറ്റിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ.വല്‍സന്‍, ഡോ.ടോണി ഡാനിയല്‍, എസ്‌.പി.പിള്ള തുടങ്ങിയവരുള്‍പ്പെട്ട വിദഗ്‌ധ സമിതിയുമായി ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച്‌ വൈസ്‌ ചാന്‍സലര്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഉരുത്തിരഞ്ഞ നിര്‍ദേശങ്ങളില്‍ സര്‍വകലാശാല തീരുമാനമെടുത്ത ശേഷം പ്രോജക്‌ട്‌ വിവിധ ഗവണ്‍മെന്റ്‌ ഏജന്‍സികള്‍ക്ക്‌ സമര്‍പ്പിക്കും. ഈ സൗകര്യങ്ങള്‍ വരുന്നതോടെ കേരളത്തിന്റെ സ്‌പോര്‍ട്‌സ്‌ ഹബ്ബായി കാലിക്കറ്റ്‌ സര്‍വകലാശാല മാറുമെന്ന്‌ യോഗത്തില്‍ വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു. 400 പേര്‍ക്ക്‌ താമസിക്കാവുന്ന സ്‌പോര്‍ട്‌സ്‌ ഹോസ്റ്റലിന്റെയും സ്വിമ്മിംഗ്‌ പൂളിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌. ചര്‍ച്ചയില്‍ പ്രോ-വൈസ്‌ ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്‌ട്രാര്‍ ഡോ.ടി.എ.അബ്‌ദുല്‍ മജീദ്‌, കായിക വകുപ്പ്‌ ഡയറക്‌ടര്‍ ഡോ.വി.പി.സക്കീര്‍ ഹുസൈന്‍, യൂണിവേഴ്‌സിറ്റി എഞ്ചിനീയര്‍ കെ.കെ.അബ്‌ദുല്‍ നാസിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.