Section

malabari-logo-mobile

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ കാമ്പസ്‌ സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

HIGHLIGHTS : തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വകലാശാലാ കാമ്പസിലും അഫിലിയേറ്റഡ്‌ കോളേജ്‌ കാമ്പസിലും യു.ജി.സി മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച്‌

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വകലാശാലാ കാമ്പസിലും അഫിലിയേറ്റഡ്‌ കോളേജ്‌ കാമ്പസിലും യു.ജി.സി മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്കുള്ള സുരക്ഷ ശക്തമാക്കാന്‍ വൈസ്‌ ചാന്‍സലര്‍ ഡോ.എം.അബ്‌ദുല്‍ സലാം പ്രിന്‍സിപ്പല്‍മാരോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.
ഏത്‌ വിധത്തിലുള്ള അനധികൃത കടന്ന്‌ കയറ്റവും തടയാന്‍ പാകത്തില്‍ ഹോസ്റ്റലുകള്‍ക്ക്‌ സുശക്തമായ ചുറ്റുമതില്‍ സ്ഥാപിക്കുക. സി.സി ടി.വി. കാമറകള്‍ ഹോസ്റ്റലിനകത്തും പുറത്തും സ്ഥാപിക്കുക. ഹോസ്റ്റലുകളുടെ പ്രവേശന കവാടങ്ങളുടെ എണ്ണം കുറക്കുക. സായുധ സുരക്ഷാഭടന്‍മാരെ ഹോസ്റ്റല്‍ കവാടങ്ങളില്‍ വിന്യസിക്കുക. വനിതാ ഹോസ്റ്റലുകള്‍ക്ക്‌ വനിതാ സുരക്ഷാഭടന്‍മാരെ നിയോഗിക്കുക. സന്ദര്‍ശക രജിസ്റ്റര്‍ ഏര്‍പ്പെടുത്തുക. അടിയന്തിര ഘട്ടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെയും സന്ദര്‍ശകരുടെയും ബാഗുകളും ലഗേജുകളും പരിശോധിക്കാന്‍ സുരക്ഷാഭടന്‍മാര്‍ക്ക്‌ അധികാരം നല്‍കുക. വേണ്ടി വന്നാല്‍ മെറ്റല്‍ ഡിറ്റക്‌ടര്‍ ഉപയോഗിച്ച്‌ പരിശോധന നടത്തുക. കാമ്പസിലും ഹോസറ്റലിലും ബയോമെട്രിക്‌ പഞ്ചിംഗ്‌ സിസ്റ്റം ഏര്‍പ്പെടുത്തുക. അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക്‌ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡ്‌ ഏര്‍പ്പെടുത്തുക. റാഗിംഗ്‌, ലൈംഗിക അതിക്രമം, പ്രകൃതി ദുരന്തം എന്നിവയുണ്ടാകുമ്പോള്‍ സഹായത്തിനുള്ള ഹെല്‍പ്‌ ലൈന്‍ നമ്പറുകള്‍ കാന്റീന്‍, ലൈബ്രറി എന്നിവിടങ്ങളിലും, നോട്ടീസ്‌ ബോര്‍ഡുകളിലും പ്രദര്‍ശിപ്പിക്കുക. പ്രകൃതി ദുരന്തങ്ങള്‍, തീപിടുത്തം തുടങ്ങിയ ആപത്‌ ഘട്ടങ്ങളില്‍ പെട്ടന്ന്‌ കാമ്പസ്‌ സമൂഹത്തെ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. കാമ്പസ്‌ സുരക്ഷക്ക്‌ സമീപത്തെ പോലീസ്‌ സ്റ്റേഷന്റെ സഹായം തേടുക. രാത്രി ഏറെ വൈകി നടക്കുന്ന പരിപാടിക്ക്‌ സംരക്ഷണം നല്‍കാന്‍ പോലീസിന്‌ പുറമെ കമ്മ്യൂണിറ്റി സര്‍വീസ്‌ ഓഫീസര്‍മാരുടെ സഹായം തേടുക. ജാതി, മത, വര്‍ഗ, ലിംഗ, ദേശ വിവേചനം വാക്കിലും പെരുമാറ്റത്തിലും ഇല്ലാതാക്കുക.
വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ കൗണ്‍സലിംഗ്‌ നടത്തുക. 25 വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരധ്യാപകന്‍ രക്ഷിതാവുന്ന സമ്പ്രദായം നടപ്പിലാക്കുക. പി.ടി.എ മീറ്റിംഗുകള്‍ മൂന്ന്‌ മാസത്തിലൊരിക്കല്‍ നടത്തുക. സ്‌ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച്‌ കാമ്പസ്‌ സമൂഹത്തെ ബോധവല്‍ക്കരിക്കുക. പെണ്‍കുട്ടികള്‍ക്ക്‌ സ്വയം പ്രതിരോധ പരിശീലനം നല്‍കുക. ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ പ്രായോഗിക പ്രാധാന്യത്തോടെ നിര്‍ബന്ധ കോഴ്‌സ്‌ നടത്തുക. കാമ്പസില്‍ ഗുണമേന്മയുള്ള ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തുക.
ഫലപ്രദമായ ഫയര്‍ സേഫ്‌റ്റി സിസ്റ്റം സ്ഥാപിക്കുക. ആറ്‌ മാസത്തിലൊരിക്കല്‍ ഫയര്‍ മോക്ക്‌ ഡ്രില്‍ നടത്തുക എന്നിവയാണ്‌ യു.ജി.സി നിര്‍ദ്ദേശിച്ച പ്രധാന കാമ്പസ്‌ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!