കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ മാനസിക വൈകല്യമുള്ളവര്‍ക്കായി ക്ലിനിക്ക്‌ തുടങ്ങി

calicut universityബുദ്ധി- വളര്‍ച്ചാ വൈകല്യവും ശാരീരിക വൈകല്യവുമുള്ളവരെ കണ്ടെത്തി ഭിന്നശേഷി പ്രതിരോധവും സൗജന്യ ചികിത്സയും സൗജന്യമായി നല്‍കുന്ന ക്ലിനിക്ക്‌ കാലിക്കറ്റ്‌ സര്‍വകലാശാല മനഃശാസ്‌ത്ര പഠനവിഭാഗത്തില്‍ തുടങ്ങി. ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പള്‍സി, പഠനവൈകല്യം മുതലായവയുള്ള കുട്ടികളെ നേരത്തെ കണ്ടെത്തി സമഗ്രവും ശാസ്‌ത്രീയവും സുസ്ഥിരവുമായ ചികിത്സാ- പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട്‌ കമ്യൂണിറ്റി ഡിസെബിലിറ്റി മാനെജ്‌മെന്റ്‌ പ്രോജക്ടിന്‌ കീഴിലാണ്‌ ക്ലിനിക്ക്‌ ആരംഭിച്ചത്‌.
മനഃശാസ്‌ത്ര പഠനവിഭാഗവും സാമൂഹിക നീതി വകുപ്പും ചേര്‍ന്നാണ്‌ പ്രൊജക്ട്‌ നടപ്പാക്കുന്നത്‌. മൂന്ന്‌ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാര്‍, നാല്‌ സ്‌പെഷല്‍ എഡ്യൂക്കേറ്റര്‍മാര്‍, ഒരു ഒക്വുപേഷനല്‍ തെറപ്പിസ്റ്റ്‌, ഒരു സൈക്കോ തെറപ്പിസ്റ്റ്‌, ഒരു സ്‌പീച്ച്‌ തെറപ്പിസ്റ്റ്‌ എന്നിവര്‍ അടങ്ങുന്ന മള്‍ട്ടി ഡിസിപ്ലിനറി സംഘത്തിന്റെ സൗജന്യ സേവനം ക്ലിനിക്കില്‍ ലഭ്യമാണ്‌. ഞായര്‍ ഒഴികെ എല്ലാ ദിവസങ്ങളിലും പ്രവര്‍ത്തിക്കും. ജനുവരി ഒന്‍പതിന്‌ ആനക്കയത്ത്‌ രണ്ടാമത്തെ ക്ലിനിക്ക്‌ പ്രവര്‍ത്തനം തുടങ്ങും. കരുവാരക്കുണ്ടിലും ക്ലിനിക്ക്‌ തുടങ്ങാന്‍ പദ്ധതിയുണ്ട്‌.
ക്ലിനിക്ക്‌ തുടങ്ങിയ ആദ്യ ദിവസം തന്നെ 60 പേര്‍ രജിസ്റ്റര്‍ ചെയ്‌തു. ജില്ലയിലെ മലയോര- തീരദേശ മേഖലകളിലെ കുട്ടികളില്‍ ഉണ്ടായേക്കാവുന്ന വികാസ വൈകല്യങ്ങളെ നേരത്തെ കണ്ടെത്തി പ്രതിരോധിക്കാനും ശാസ്‌ത്രീയ ചികിത്സ നല്‍കാനുമാണ്‌ പദ്ധതി ലക്ഷ്യമിടുന്നത്‌. സാമൂഹിക നീതി വകുപ്പിന്റെ പിന്തുണയോടെ സര്‍വകലാശാല മനഃശാസ്‌ത്ര പഠനവിഭാഗം തലവനും പ്രോജക്ട്‌ ഡയറക്ടറുമായ ഡോ. സി. ജയന്‍, ജോയിന്റ്‌ ഡയറക്ടര്‍ പി.ടി. റഹീമുദ്ദീന്‍, ലെയ്‌സന്‍ ഓഫീസര്‍ ടി.കെ. അബ്ദുശുകൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.