Section

malabari-logo-mobile

ബിരുദ ഫലപ്രഖ്യാപനം: കാലിക്കറ്റിന് പുത്തനുണര്‍വ്

HIGHLIGHTS : തേഞ്ഞിപ്പലം:സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ ബിരുദ ഫലപ്രഖ്യാപനത്തില്‍ കാലിക്കറ്റ് സര്‍വകലാശാല പുതിയ ചരിത്രം കുറിച്ചു. ഇത്തവണ റെക്കോഡ് വേഗത്തിലാണ് ഫലപ്...

തേഞ്ഞിപ്പലം:സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ ബിരുദ ഫലപ്രഖ്യാപനത്തില്‍ കാലിക്കറ്റ് സര്‍വകലാശാല പുതിയ ചരിത്രം കുറിച്ചു. ഇത്തവണ റെക്കോഡ് വേഗത്തിലാണ് ഫലപ്രഖ്യാപനം. ആറാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.എസ്.ഡബ്ല്യൂ (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷാഫലങ്ങള്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ വെബ്‌സൈറ്റില്‍ പ്രകാശനം ചെയ്തു. അവധി ദിവസങ്ങളിലും, പ്രവര്‍ത്തി ദിവസങ്ങളില്‍ അധിക സമയങ്ങളിലും ജീവനക്കാര്‍ കഠിനപ്രയത്‌നം നടത്തിയതും, അധ്യാപകരുടെ സഹകരണവും, പരീക്ഷാ സ്ഥിരംസമിതിയുടെയും സിന്റിക്കേറ്റിന്റെയും ഉചിതമായ മാര്‍ഗനിര്‍ദ്ദേശങ്ങളുമാണ്  ഈ നേട്ടത്തിന് സഹായകമായതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

കേവലം 33 പ്രവര്‍ത്തിദിനങ്ങള്‍ കൊണ്ടാണ് ഫലപ്രഖ്യാപനം. ഓട്ടോണമസ് കോളേജുകള്‍ ഉള്‍പ്പെടെ രാജ്യത്തെവിടെയുമുള്ള സര്‍വകലാശാലകളില്‍ പി.ജി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസരമാണ് കാലിക്കറ്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതുമൂലം കൈവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ദിവസം നേരത്തെയാണ് ഈ വര്‍ഷം ഫലപ്രഖ്യാപനം.

sameeksha-malabarinews

11834 പേര്‍ ബി.എക്കും, 13945 പേര്‍ ബി.എസ്.സിക്കും, 14609  പേര്‍ ബി.കോമിനും, 4371 പേര്‍ ബി.ബി.എക്കും, 1661 പേര്‍ ബി.സി.എക്കും 1250 പേര്‍ ഇതര കോഴ്‌സുകള്‍ക്കും പരീക്ഷ എഴുതി. ഇതില്‍ 9236 പേര്‍ ബി.എക്കും (78%), 10394 പേര്‍ ബി.എസ്.സിക്കും (75%), 11382 പേര്‍ ബി.കോമിനും (78%), 3219 പേര്‍ ബി.ബി.എക്കും (74%), 1275 പേര്‍ ബി.സി.എക്കും (77%) വിജയിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.

2018 മാര്‍ച്ച് 20-ന് ആരംഭിച്ച പരീക്ഷകള്‍ ഏപ്രില്‍ 13-ന് പൂര്‍ത്തിയായി. ബി.ടി.എ പോലുള്ള ഏതാനും കോഴ്‌സുകളുടെ പരീക്ഷകള്‍ ഏപ്രില്‍ 23-നാണ് പൂര്‍ത്തിയായത്. പ്രാക്ടിക്കല്‍, വൈവാ പരീക്ഷകള്‍ മെയ് 18-നാണ് തീര്‍ന്നത്. വൈവാ പരീക്ഷകള്‍ക്ക് ശേഷം ഒരാഴ്ചകൊണ്ട് ഫലപ്രഖ്യാപനം ചരിത്രനേട്ടമാണ്. 296 അഫിലിയേറ്റഡ് കോളേജുകളിലായി നൂറിലധിം ബിരുദ പ്രോഗ്രാമുകളിലാണ് പരീക്ഷ നടന്നത്.

മെയ് മൂന്നിനാണ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ ആരംഭിച്ചത്. നൂറിലധികം ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 1500 ലധികം അധ്യാപകര്‍ ക്യാമ്പില്‍ പങ്കെടുത്തു. സമയബന്ധിതമായി ഫലം പ്രഖ്യാപിക്കുന്നതില്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം വഹിച്ച ചെയര്‍മാന്‍മാരുടെയും പങ്കെടുത്ത അധ്യാപകരുടെയും സഹകരണം നിര്‍ണ്ണായകമായി. മുടങ്ങി കിടന്ന പ്രതിഫലവിതരണം ത്വരിതപ്പെടുത്തിയ ഫിനാന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനവും പിന്തുണയായി. ജീവനക്കാരുടെയും അധ്യാപകരുടെയും ജോലികള്‍ ചിട്ടയായി ഏകോപിപ്പിക്കപ്പെട്ടു. വിവിധ കോഴ്‌സുകളിലായി രിജസ്റ്റര്‍ ചെയ്ത 87000 ലധികം വിദ്യാര്‍ത്ഥികളുടെ 4,60,000 ഉത്തരക്കടലാസുകള്‍ സര്‍വകലാശാലയില്‍ എത്തിക്കുന്നതിലും തുടര്‍ന്ന് ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിലും സര്‍വകലാശാലാ മോണിറ്ററിംഗ്, കോണ്‍ഫിഡന്‍ഷ്യല്‍ വിഭാഗങ്ങള്‍ സമയബന്ധിതമായി പ്രവര്‍ത്തിച്ചു. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനത്തിന്റെ പുരോഗതിയും സിന്റിക്കേറ്റിന്റെ പരീക്ഷാ സ്ഥിരം സമിതിയും കണ്‍വീനര്‍ ഡോ.സി.എല്‍.ജോഷിയും ക്രമമായി വിലയിരുത്തിവന്നിരുന്നു.

വിവിധ ബ്രഞ്ചുകള്‍ക്ക് നേതൃത്വം നല്‍കുന്ന എം.കെ.പ്രമോദ്, അബ്ദുല്‍ അഹദ് പതിയില്‍, ഒ.അബ്ദുറസാഖ്, പി.വി.ശോഭ എന്നിവരുടെ ചിട്ടയായ പ്രവര്‍ത്തനവും അവധിദിവങ്ങളില്‍ പോലും ജോലിക്കെത്തിയ വിവിധ സെക്ഷനുകളിലെ ജീവനക്കാരുടെയും പ്രോഗ്രമര്‍മാരുടെയും അര്‍പ്പണബോധമാണ് ഈ നേട്ടത്തിലേക്ക് നയിച്ചതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ.വി.വി.ജോര്‍ജ്ജുകുട്ടി പറഞ്ഞു.

പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ്, ഫിനാന്‍സ് ഓഫീസര്‍ കെ.കെ.സുരേഷ്, സിന്റിക്കേറ്റ് അംഗങ്ങളായ ഡോ.സി.എല്‍.ജോഷി, കെ.കെ.ഹനീഫ, പ്രൊഫ.ആര്‍.ബിന്ദു, പ്രൊഫ.ടി.എം.വിജയന്‍, ഡോ.സി.അബ്ദുല്‍ മജീദ്, ഡോ.ജി.റിജുലാല്‍, വിവിധ ബ്രാഞ്ച് മേധാവികള്‍, ഭരണവിഭാഗം ജോയന്റ് രജിസ്ട്രാര്‍ സി.എസ്.മോഹനകൃഷ്ണന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ.വി.വി.ജോര്‍ജ്ജുകുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!