കാലിക്കറ്റ്‌ സര്‍വകലാശാലക്ക്‌ എ ഗ്രേഡ്‌: കൂട്ടായ പ്രയത്‌നത്തിന്റെ നേട്ടം

calicut-universityമലപ്പുറം: സിന്റിക്കേറ്റ്‌, സെനറ്റ്‌, മറ്റ്‌ അക്കാദമിക്‌ സമിതികള്‍, അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി കാമ്പസ്‌ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്റെയും സമ്പൂര്‍ണ്ണ സഹകരണത്തിന്റെയും ഫലമായാണ്‌ കാലിക്കറ്റ്‌ സര്‍വകലാശാലയ്‌ക്ക്‌ നാഷണല്‍ അസസ്‌മെന്റ്‌ ആന്‍ഡ്‌ അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്‌) എ ഗ്രേഡ്‌ കരസ്ഥമാക്കാന്‍ സാധ്യമായതെന്ന്‌ വൈസ്‌ ചാന്‍സലര്‍ ഡോ. കെ മുഹമ്മദ്‌ ബഷീര്‍ പറഞ്ഞു.

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവരുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്‌. പ്രവര്‍ത്തന ഏകോപനത്തില്‍, പ്രൊഫ.എം സാബുവിന്റെ നേതൃത്വത്തിലുള്ള ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ്‌ സെല്‍ പുലര്‍ത്തിയ മികവും അഭിനന്ദനീയമാണ്‌. നേരത്തേ ബി ഗ്രേഡ്‌്‌ ആയിരുന്നു സര്‍വകശാലയ്‌ക്ക്‌ ഉണ്ടായിരുന്നത്‌. മികവ്‌ ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ ഗുണഫലമാണ്‌ ഈ നേട്ടം. കാലിക്കറ്റ്‌ സര്‍വകലാശാല നേടിയ 3.13 ക്യൂമുലേറ്റിവ്‌ ഗ്രേഡ്‌ പോയന്റ്‌ ആവറേജ്‌ (സി ജി പി എ), സംസ്ഥാനത്തെ സര്‍വകലാശാലാ തലത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്‌.
മദ്രാസ്‌ സര്‍വകലാശാലാ മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. എസ്‌ പി ത്യാഗരാജന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സമിതി ജൂലൈ അവസാന വാരം സര്‍വ്വകലാശാല സന്ദര്‍ശിച്ചാണ്‌ മികവ്‌ വിലയിരുത്തിയത്‌. കാമ്പസ്‌ സമൂഹത്തിന്റെ സൗഹൃദപൂര്‍ണ്ണമായ സഹകരണത്തില്‍ നാക്‌ ടീം തദവസരത്തില്‍ത്തന്നെ അഭിനന്ദനം അറിയിച്ചിരുന്നു. സുവര്‍ണ്ണ ജൂബിലി ആഘോഷത്തിനൊരുങ്ങുന്ന കാലിക്കറ്റ്‌ സര്‍വ്വകലാശാലയ്‌ക്ക്‌ ഏ ഗ്രേഡിന്റെ തിളക്കം മാറ്റു കൂട്ടും.

യു ജി സിയില്‍നിന്നും മറ്റു കേന്ദ്ര ഏജന്‍സികളില്‍നിന്നും കൂടുതല്‍ ഫണ്ട്‌ ലഭിക്കാന്‍ ഉയര്‍ന്ന ഗ്രേഡ്‌ സഹായകമാണ്‌. സര്‍വകലാശാലാ അദ്ധ്യാപകര്‍ക്ക്‌ മേജര്‍ ഗവേഷണ പ്രോജക്‌റ്റുകള്‍ ലഭിക്കുന്നതിലൂടെ സമൂഹത്തിന്‌ ഗുണകരമായ കൂടുതല്‍ ഗവേഷണ/അക്കാദമിക്‌ പ്രവര്‍ത്തനങ്ങളും സാദ്ധ്യമാവും. സര്‍വ്വകലാശാലയ്‌ക്ക്‌ പൊതുവേയും വിദ്യാര്‍ത്ഥി സമൂഹത്തിനു പ്രത്യേകിച്ചും എ ഗ്രേഡ്‌ വലിയ നേട്ടമാകുമെന്നും ഡോ. കെ. മുഹമ്മദ്‌ ബഷീര്‍ പറഞ്ഞു. ഈ ഐക്യവും സമര്‍പ്പണ മനോഭാവവും നിലനിര്‍ത്തിക്കൊണ്ട്‌ കൂടുതല്‍ ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാനുള്ള ശ്രമം തുടരുമെന്നും വൈസ്‌ ചാന്‍സലര്‍ അറിയിച്ചു. സിന്റിക്കേറ്റ്‌, സെനറ്റ്‌, മറ്റ്‌ അക്കാദമിക്‌ സമിതികള്‍, വിദ്യാര്‍ത്ഥികള്‍, ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ്‌ സെല്‍, അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാര്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളെയും വൈസ്‌ ചാന്‍സലര്‍ അഭിനന്ദിച്ചു.

Related Articles